ഉമ്മയുടെ വിളി കേട്ടുണരുന്ന അത്താഴം ഇപ്രാവശ്യം അലാറം ഏറ്റെടുത്തു, ഉമ്മ വിളിക്കുമ്പോൾ വീണ്ടും മൂടിപ്പുതച്ചു കിടക്കുന്നത് ഉണരും വരെ ഉമ്മ വിളിക്കും എന്ന ഉറപ്പ് തന്നെയായിരുന്നു...! ഇന്ന് അലാറം അടിക്കുമ്പോഴേക്കും എണീറ്റില്ലെങ്കിൽ അന്നു അത്താഴം പോയിട്ട് സുബഹി പോലും കിട്ടൂല ....
നോമ്പ് പിറക്കുമ്പോൾ നാട്ടിൽ സുലഭമായി ഉണ്ടാക്കുന്ന തരിക്കഞ്ഞി കിട്ടിയില്ല എന്നത് ഓർമയിലുണ്ട് .. ഇന്നിവിടെ എന്തു കിട്ടിയാലും ഒരു കുഴപ്പവുമില്ലാത്ത വിധം കഴിക്കുന്ന രീതി നമ്മളും സ്വായത്തമാക്കി.... പഴം പൊരിയും,ബ്രഡ്പൊരിയും സമൂസയും ഒക്കെ വീട്ടിൽ ചെന്നിട്ടെ സ്വാദോടെ കഴിക്കാനൊക്കൂ..
ഇതൊന്നും കിട്ടിയില്ലേലും വേണ്ടില്ല , നിസ്കാരം കഴിഞ്ഞു ചായ കുടിക്കുമ്പോൾ പത്തിരിയുടെ കൂടെ കപ്പകൂട്ടാനോ,പച്ചക്കായ കൂട്ടാനോ ഉണ്ടാകും. ആ ഒരു ഓർമ മതി ഇപ്പൊ തന്നെ കുറച്ചധികം തിന്നാൻ .......
പിന്നെ തറാവീഹിനു നാട്ടിൽ ഇരുപതു റക്അത്ത് നിസ്കരിച്ചപ്പോൾ ഇവിടെ പള്ളിയിൽ എട്ട് മാത്രമേ കിട്ടുന്നുള്ളൂ ..മക്കയിലും മദീനയിലും ഇരുപത് ഉണ്ടെന്നു കേട്ടു !
വിത്റിലെ ഖുനൂത് ആദ്യ പത്തിൽ തന്നെ തുടങ്ങിയിരുന്നു...ദീർഘ നേരം ഖുനൂത് ഉണ്ടാകും. (നിസ്കാരത്തിനു ശേഷം പിന്നെ ഒരു ദുആ ഉണ്ടാകാറില്ല.)
പ്രത്യേകം ടെൻറ് (കൈമ) കെട്ടി നോമ്പ് തുറക്ക് ഉൽസാഹം കാണിക്കുന്ന അറബികളുടെ മനസ്സിനെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല.. നോമ്പ് തുറക്കാനുള്ള സാധനങ്ങൾ ഓരോ വീട്ടിൽ നിന്നും കൊണ്ടു വരുന്നതും അതിനു വേണ്ടി പ്രയത്നിക്കുന്നതും എല്ലാം നോമ്പു തുറയുടെ പ്രാധാന്യം മനസ്സിലാക്കാൻ ഏറെ പ്രയോജനകരം ....
ഭക്ഷണം ഒരു പാത്രത്തിൽ നിന്നും കഴിക്കുന്ന രീതി നന്നെ ഇഷ്ട്ടപ്പെട്ടു, അത് സാഹോദര്യത്തിന്റെ മഹിതാശയം വിളിച്ചോതുന്നു...
ഇരുപത്തിഎഴാം രാവിനു മധുരം ഉണ്ടാക്കുന്നതും പള്ളിയിലെ പ്രത്യേക ദുആ മജലിസും നമ്മിൽ നിന്നും വിട ചൊല്ലിയവർക്ക് വേണ്ടിയുള്ള ദുആകളും രാത്രി മുഴുവൻ ഇഹ്തികാഫും പുണ്യങ്ങളുടെ വസന്തകാലം നിറവുറ്റതാക്കുന്നു .....
റമളാനിൽ പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നവരിൽ الله നമ്മെയും ഉൾപെടുത്തുമാറാകട്ടെ ..آمين
