കഴിഞ്ഞ വർഷത്തിൽ ഗസ്സയുടെ നോവറിഞ്ഞ ചിത്രങ്ങളും റിപ്പോർട്ടുകളും കൊണ്ട് സങ്കടക്കടൽ തീർത്തു നാം. ജനങ്ങളാകയും പ്രാർത്ഥിച്ചു. ഗസ്സയിൽ പിടഞ്ഞ ബാല്യങ്ങളെയോർത്തു നെഞ്ചു പിടഞ്ഞു.
തന്റെ നെഞ്ചിലേക്ക് ചൂണ്ടിയത് തോക്കാണെന്നറിയാത്ത പ്രായത്തിൽ തീർന്ന ബാല്യം,ഒരുപാട് സഹോദരിമാർ വിധവകളായവർ,കുടുംബം തന്നെ നഷ്ട്ടപ്പെട്ടവർ,തന്റെ കുഞ്ഞിന്റെ പൊട്ടിത്തകർന്ന ശരീരം ഏറ്റുവാങ്ങേണ്ടി വന്നവർ, അഭയാർത്ഥി ക്യാമ്പിലെ നൊമ്പരം. ഷെല്ലാക്രമണം. കാലം മാപ്പ് നൽകാത്ത നരാധമ അക്രമം.....അങ്ങിനെ ലോകത്തിനെ നടുക്കിയ ജൂതന്റെ നരനായാട്ട്...
ക്ലോക്കിലെ സെകന്റ് സൂചി മിനുട്ടുകളിൽ നിന്ന് മണിക്കൂറുകളിലേക്കും, ദിവസങ്ങൾ ആഴ്ച്ചകളിലൂടെ വർഷങ്ങളിലെക്കും കടക്കുമ്പോൾ കാലത്തിനനുസൃതമായി വിസ്മൃതിയിലേക്ക് തള്ളിയ കൂട്ടത്തിൽ നാമും ഗസ്സയെ മറന്നു.
ചിറകരിഞ്ഞ പക്ഷിക്ക് അന്നം തേടിപ്പോകാനാവില്ല, കുഞ്ഞു കിളികൾക്ക് കൊക്കിലെക്ക് വെച്ചുകൊടുക്കാൻ തള്ളപക്ഷികളില്ല, സാമൂഹികവും സാമ്പത്തികവുമായി തകർന്ന അടിച്ചമർത്തപ്പെട്ട ജനത.. അതാണ് ഇന്ന് ഗസ്സയുടെ അവസ്ഥ.
ഇതെല്ലാം ഇപ്പോൾ പറഞ്ഞതിലെ കാര്യം വ്യക്തമാക്കാം. ദുരന്തങ്ങൾ സംഭവിക്കുമ്പോൾ നാമെല്ലാം കാണുന്ന പ്രധാന സംഗതിയാണ് അഭയാർത്ഥി ക്യാമ്പിലെ ഭക്ഷണ വിതരണം, ആ ഭക്ഷണത്തിനു വേണ്ടിയുള്ള തിരക്ക്, കുറഞ്ഞ ഭക്ഷണം പങ്കിട്ട് കഴിക്കുന്നവർ..... അങ്ങിനെ...
കാര്യമെന്തായാലും ഭക്ഷണത്തിന്റെ മാഹാത്മ്യം പോസ്റ്ററുകൾ സോഷ്യൽ മീഡിയ നിറയും (ആ കാലയളവിലെക്ക്).. എന്നാൽ ഈ നോമ്പ് സമയത്തും അല്ലാത്ത സമയവും നമ്മൾ കഴിക്കുന്ന അല്ലെങ്കിൽ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിൽ മാറ്റം വരുത്തിയിട്ടുണ്ടോ?
ഭക്ഷണം പാഴാക്കുന്നതിൽ ഗൾഫിൽ ജീവിക്കുന്നവർ മുൻപന്തിയിൽ ആണെന്നാണ് എന്റെ പക്ഷം. ടണ്‍ കണക്കിന് ഭക്ഷണം ഓരോ ദിവസവും അനാവശ്യമായി വേസ്റ്റ് ബോക്സിലേക്ക് തള്ളുന്നുണ്ട്. മറ്റുള്ളവർ ചെയ്യുന്നത് തടയാൻ കഴിഞ്ഞില്ലെങ്കിലും നമുക്ക് സ്വയമൊരു തീരുമാനം എടുത്തു കൂടെ ?ഭക്ഷണത്തിന്റെ വില മനസ്സിലാക്കാൻ നമുക്കൊരു ദുരന്തം വരേണ്ടതുണ്ടോ ? ഒന്ന് ചിന്തിക്കൂ സോദരാ..
ഒരു രാജ്യത്ത് കമിതാക്കൾ ഓർഡർ ചെയ്തത് കോഫിയും ഒരു സ്നാക്സുമാണത്രേ. അവനെന്ത് പിശുക്കനാണെന്നു ചിന്തിച്ച നേരം മറ്റു ആളുകളും ഇത്പോലെ ചെറിയ തോതിലാണ് ഓർഡർ ചെയ്യുന്നതെന്ന് മനസ്സിലായി. ഈ വിദേശി ഓർഡർ ചെയ്തതിൽ ബാക്കി വന്ന ഭക്ഷണം കണ്ട ഒരു സ്വദേശിക്ക് ഇതത്ര പിടിച്ചില്ല. സൗഹൃദരൂപേണ കാര്യം ഉണർത്തിച്ചു . എന്റെ കാശ് കൊണ്ടാണ് ഞാൻ വാങ്ങിച്ചത് എന്നാ വാക്കിനു മറുപടിയായി സ്വദേശി പോലീസിനെ വിളിക്കുകയും ഭക്ഷണം പാഴാക്കിയതിനു പിഴ ചുമത്തുകയും ചെയ്തു. കൂടെ ഇക്കാര്യവും ഉണർത്തി : കാശ് നിങ്ങളുടെതാകും, പക്ഷെ ഭക്ഷണം മറ്റുള്ളവർക്ക് കൂടി അവകാശപ്പെട്ടതാണ് ,അതിന്റെ അധ്വാനം മറ്റുള്ളവരുടെത് കൂടിയാണ് .!(ഓർമയിൽ നിന്ന്)
നമ്മൾ നഷ്ട്ടപ്പെടുത്തുന്ന ഓരോ അരിമണിക്കും അദ്വാനത്തിന്റെ ഗന്ധമുണ്ട്, അതിലുപരി അത് ലഭിക്കാത്തവന്റെ വേദനയുടെ നിലവിളിയുണ്ട്..
