31/7/13

പെരുന്നാൾ റൂട്ട് .....!


                    പെരുന്നാളിന്നു ആർഭാടമായി ഡ്രെസ്സും ചെരിപ്പും മറ്റു സാധനങ്ങളും എടുക്കുന്ന രീതിയൊന്നും വീട്ടിൽ ഉണ്ടായിരുന്നില്ല. വാങ്ങുമ്പോൾ  ഒരു വിധം നല്ലതു തന്നെ വാങ്ങും... !  ചെറുപ്പത്തിൽ ഇക്കാകയ്ക്കും എനിക്കും ഒരു പോലെയുള്ള ഡ്രസ്സ്‌ വാങ്ങുന്നത് എനിക്ക്ത്ര ഇഷ്ട്ടമൊന്നും ആയിരുന്നില്ല . പിന്നീട് വെവ്വേറെ തന്നെ എടുക്കാൻ തുടങ്ങിയിരുന്നു. 
എല്ലാ പെരുന്നാളിനൊന്നും ഡ്രസ്സ്‌ എടുക്കൂല ... ചെറിയ പെരുന്നാളിന് എടുത്താൽ പിന്നെ ബലിപെരുന്നാളിനു എടുക്കില്ല എന്നതായിരുന്നു സിസ്റ്റം, ചെറിയ പെരുന്നാളിനുള്ളതു തന്നെ ആയിരിക്കും ബലിപെരുന്നാളിനും ....!നോമ്പിനു മുമ്പ് വല്ല കല്യാണത്തിനും ഡ്രസ്സ്‌ വാങ്ങിയോ എന്നാൽ പെരുന്നാളിനു സ്വാഹ ....


സ്കൂളിലെക്കുള്ള യൂനിഫോം ആക്കി വെള്ള ഷർട്ടും നീല പാൻറും വാങ്ങിയ പെരുന്നാളും ഓർമയിൽ ഉണ്ട്.(ഒരു വെടിക്ക് രണ്ടു പക്ഷി കിട്ടിയ സംതൃപ്തി )


          ഒരു പെരുന്നാളിന് ദുബായ് ഷർട്ട് (ചുകപ്പും മഞ്ഞയും മിക്സ്‌ ആയിട്ടുള്ള മോഡൽ ) വാങ്ങിയതു മുതൽ ഫാഷൻ ഡ്രസ്സ്‌ ഉപയോഗിക്കാനുള്ള മടി തുടങ്ങി. ആ ഷർട്ട് ആകെ രണ്ടു പ്രാവശ്യമേ ഇടാൻ കഴിഞ്ഞുള്ളൂ ,അപ്പോഴേക്കും ഫാഷൻ പോയി , കൂടെ നമ്മളെ കാശും പോയി .....! 


               പിന്നീടു ഫാഷൻ നോക്കി നടന്നില്ലെങ്കിലും ഇറക്കം കുറവ് വന്നതിനാലും ഇറുക്കം കൂടിയതാലും ഷർട്ടും പാൻസും അധികം ഉപയോഗിക്കാൻ കഴിയാതെ പോയിട്ടുണ്ട്..ലൈറ്റ് കളർ ഷർട്ട് എടുക്കാൻ നോക്കിയ ഉപ്പയോട്‌ 'ചെളിയാകും വേഗം' എന്ന് പറഞ്ഞപ്പോ അതു കേട്ട സെയിൽസ് മാൻ എന്നോട് ചോദിച്ചു : കുളിയും നനയും ഒക്കെ ഉള്ള കൂട്ടത്തിൽ അല്ലല്ലേ ....." എന്ന് .തൽകാലം ചമ്മിയ ചിരി പാസാക്കി വേറെ ഷർട്ട് എടുത്തു പോന്നു ,
           ഡാർക്ക്‌ ആയുള്ളവ ഞാൻ എടുക്കുമ്പോ ജ്യേഷ്ട്ടൻ ലൈറ്റ് കളർ ആകും എടുക്കുക, അതിനാൽ തന്നെ പെങ്ങളുടെ കൂടെ സാധനം വാങ്ങാൻ പോയാൽ പറയും ( ഞാൻ ലൈറ്റ് കളർ എടുക്കാൻ നോക്കിയാൽ )..... അത് ഇക്കാന്റെ ഷർട്ട്‌ മോഡൽ ആണല്ലോ എന്ന്...

ചാലിയത്തു നിന്നും ഫൗസാൻ എടുത്ത ഫോട്ടോ 
                     പെരുന്നളിന്നു പത്തു പതിനഞ്ചു ദിവസം മുമ്പ് തന്നെ തയ്പിക്കാൻ ഉള്ളവ എടുക്കേണ്ടി വന്ന കാലം മറക്കാനുള്ള സമയമൊന്നും ആയിട്ടില്ല  ,ഇപ്പൊ രണ്ടു ദിവസം മുമ്പോ തലേന്ന് രാത്രിയോ എടുക്കുന്ന വിധത്തിൽ കാലം മാറി, കൂടെ ഡ്രെസ്സിന്റെ കോലവും മാറി .... .

                ഒരു പെരുന്നാളിന്നു ബീച്ചിൽ പോയി, ഞാനും മൂത്താപ്പാന്റെ മോനും കൂടെ. കയ്യിൽ ഒരു കുടയും കരുതിയിരുന്നു . കുറച്ചു നേരം അവിടെയൊക്കെ നടന്നതും കാർമേഘങ്ങൾ നിറഞ്ഞതും ഒരേ വേഗതയിലായിരുന്നു , മഴ നന്നായി പെയ്യാൻ തുടങ്ങി , കൂടെ നല്ല കാറ്റും , കുട തുറന്നതും കാറ്റിന്റെ ശക്തിയിൽ കുടയുടെ ഇല്ലി മുഴുവൻ വളഞ്ഞതും കുളിരുള്ള ഓർമ തന്നെയാണ് . നനഞ്ഞു എന്ന് പ്രത്യേകം പറയേണ്ടല്ലോ ..... മഴ മുഴുവൻ കൊണ്ട് വയനാട് പോയത് മറക്കാവതല്ല ,, വയനാടൊക്കെ അടുത്തേക്ക് ആക്കിയാൽ നന്നായിരുന്നു എന്ന് തോന്നിയ നേരമായിരുന്നു അത് ....!

                കോരിചൊരിയുന്ന മഴയത്ത് തേങ്ങാചോറും ബീഫും നല്ല കോമ്പിനേഷൻ ആയിരുന്നു , പതിയെപ്പതിയെ തേങ്ങാചോറ് മറക്കാൻ തുടങ്ങിയതിൽ നെയ്‌ചോറ് അരങ്ങു വാണതും പിന്നീട് ബിരിയാണിയിലേക്ക് ചാടിയതും നമ്മുടെ ജീവിത ഉയർച്ചയും, നമ്മുടെ ആരോഗ്യ താഴ്ച്ചയും കാണിക്കുന്നു....


                പെരുന്നാളിന് സാധാചോറും പച്ചക്കറികളും അധികമാരും ഉപയോഗിക്കുന്നില്ല....! പെട്ടെന്ന് ചീർത്ത കോഴി തിന്നു ബ്രോയിലറിനെപ്പോൽ നടക്കാൻ കഴിയാത്ത വിധമായി മനുഷ്യനും...

              അധികവും പാറമ്മൽ സൈദലവിക്കാന്റെ വീട്ടിൽ നിന്നും പായസം കുടി  ഉത്ഘാടനം നടക്കും..  പിന്നെ ഒരു മാസത്തെ റെസ്റ്റ് മുഴുവൻ അവതാളത്തിലാകും...കയറുന്ന വീട്ടിൽ നിന്നൊക്കെ കുറച്ചായാലും കഴിക്കാതെ പോരാൻ കഴിയുകയുമില്ലല്ലോ....
കുറച്ചു വീട്ടിലൊക്കെ കയറി വിവിധ പായസങ്ങൾ കുടിച്ച് വീട്ടിൽ ചെന്ന് ബിരിയാണിചെമ്പ് തുറക്കാനുള്ള ഒരുക്കത്തിലാകും.... ഭക്ഷണവും കഴിച്ചു ദൂരെ പോകാൻ ഉണ്ടെങ്കിൽ അങ്ങോട്ട്‌ യാത്രയാകും ....!

               ഇനി ഒരു സ്ഥലം വരെ പോകണം , അത് കൊണ്ട് നിങ്ങൾക്ക് ഈദ്‌ ആശംസകൾ നേർന്നു കൊണ്ട് വിരാമം .......................

ഈദ്‌ മുബാറക് ...

അനുഗ്രഹത്തിൻ തേനരുവിയും കരുണയുടെ പാൽകടലും പാപമോചനത്താലും നരകമോചനത്താലും ഊഷ്മള സൗന്ദര്യം നുകർന്ന അനിർവചനീയമായ റമദാൻ നമ്മിൽ നിന്നും വിട ചൊല്ലുന്നു ........
                         കുഞ്ഞിളം മനസ്സുകളിൽ ഉല്ലാസത്തിന്റെ തിരിനാളം പുതു വസ്ത്രം ലഭിക്കുന്നതോടെ ജ്വലിക്കുകയായി . ചെറു കൈകളിലും മൈലാഞ്ചിയുടെ ചുകപ്പു രാശി പകരാൻ വെമ്പൽ കൊള്ളുന്നു ...
       കാർമേഘങ്ങൾ മൂടിക്കെട്ടിയ അന്തരീക്ഷം ശവ്വാലിന്റെ അമ്പിളിയെ മറക്കുന്ന സമയം  വിശ്വാസിയുടെ മനസ്സിൽ മുപ്പതു  നോമ്പ് തികച്ചതിൽ ആനന്ദം കൂടുന്നു ....
         പള്ളികളിലെ മിനാരങ്ങളിൽ നിന്നുയരുന്ന തക്ബീർ ധ്വനികളുടെ പ്രകീർത്തനങ്ങൾ പെരുന്നാളിന്നു മാറ്റ് കൂട്ടുന്നു ... കുടുംബ ബന്ധങ്ങൾ ഒന്നുകൂടി പുതുക്കുന്നതിലും പരസ്പര ആശീർവാദതാലും പുതുവസന്തം തളിരിടുന്നു .....
            ഒരു മാസത്തെ പ്രയത്നങ്ങൾ ഒരു ദിവസം കൊണ്ട് തന്നെ മലീമസമാക്കുന്ന പ്രവർത്തനങ്ങൾ നടത്താതെ ഈ ദിവസത്തിലും നന്മയുടെ വാതായനങ്ങൾ തുറക്കാൻ ശ്രദ്ധിക്കുക....

 ഏവർക്കും ഈദ്‌ ആശംസകൾ.....


 ഈദ്‌ മുബാറക്