9/12/15

"വിശപ്പിന് നാണമില്ലായിരുന്നു,..ഉമ്മച്ചി സ്നേഹമായിരുന്നു"....

courtesy: whatsapp/FB
അന്ന് ഡിഗ്രിക്ക് പഠിക്കുന്ന സമയം,..എന്നുവെച്ചാൽ നാലഞ്ച്
വർഷങ്ങൾക്ക് മുന്പ്,.. കോളേജിന്റെ കുറച്ചടുത്ത് TMK എന്ന പേരിലൊരു
കല്യാണ മണ്ഡപം ഉണ്ടായിരുന്നു,... ഒട്ടു മിക്ക ദിവസവും അവിടെ
കല്യാണമുണ്ടാവാറുണ്ട്,...എന്റെ ക്ലാസ്സിൽ ഒരുവനുണ്ടായിരുനനു,... ഉച്ചയായാൽ മറ്റുള്ളവരുടെ ചോറ്റുപത്രത്തിൽ നിന്ന് വിശപ്പ്
തീർക്കുന്നവൻ,... ഒരു പ്രത്യേക സ്വഭാവക്കാരൻ.. മുഖത്ത് ഫിറ്റ്
ചെയ്തപോലെ ചിരിയുമായി നടക്കുന്നവൻ,... അതിലുമപ്പുറം
അവനെക്കുറിച്ച് ആർക്കും ഒന്നും അറിയില്ല,... അറിയാൻ
ശ്രമിച്ചിട്ടില്ല,...ഞാനടങ്ങുന്ന എല്ലാവർക്കും ഒരു
പുച്ഛമായിരുന്നു,.... "ഒരു ദിവസവും രണ്ടു ദിവസവുമൊക്കെ ഓക്കെ,.. ഇതെല്ലാ
ദിവസവും തിന്നാൻ കൊടുക്കണം എന്നുവെച്ചാൽ?",... അവനോടുള്ള
എല്ലാവരുടെയും പുച്ഛമനോഭാവത്തിന് എല്ലാവരിലുമുള്ള മറുപടിയാണത്,.....
നൈസ് ആയിട്ട് എല്ലാവരും ഭക്ഷണം തരുന്നതിൽ നിന്ന് ഒഴിവാക്കുന്നു എന്ന്
തോന്നിയോണ്ടാവണം, അവനേ പിന്നെ ഉച്ചക്ക് ക്ലാസ്സിൽകണ്ടിട്ടില്ല,.. ഉച്ച ബെല്ലടിച്ചാൽ മൂപ്പര് വേഗം പുറത്തിറങ്ങും....ഏതേലും ബൈക്കിൽ കയ്യ് കാണിച്ച്കയറിക്കൂടും,... ഇത് തുടർന്നുകൊണ്ടേ
ഇരുന്നു,... ലിഫ്റ്റ് കിട്ടാത്ത ദിവസങ്ങളിൽ കോളേജിനുള്ളിലെ
ഞാവൽ പഴമരത്തിന് താഴെ സമയം ചിലവഴിക്കും.....
ഒരു കൌതുകത്തിന് ഞാനടങ്ങുന്നകുറച്ച്പേർ അവൻ എങ്ങോട്ടാണ്
പോകുന്നത് എന്ന് നോക്കി,.... ഞങ്ങൾക്ക് ആ കാഴ്ച്ച ഒരു
നോവായിരുന്നു,.... TMK-മണ്ഡപത്തിലെ ഗെറ്റ് കടന്ന് വളരെ കൂളായി ഭക്ഷണം
കഴിക്കാൻ പോകുന്ന അവനെ കണ്ടപ്പോൾ വല്ലാത്ത
കുറ്റബോധമായി മനസ്സിൽ.... ഭക്ഷണം ഉണ്ടാക്കികൊടുക്കാൻ വീട്ടുകാർ നൂറ്
വട്ടം റെഡി ആയിട്ടും,കോളേജിലൊക്കെ പോകുമ്പോൾ
ചോറ്റുപാത്രമൊക്കെ കൊണ്ട്പോകുന്നത് കുറച്ച് താഴ്ന്ന
പരിപാടിയാണ് എന്ന് കരുതുന്ന കുറച്ച് പരിഷ്കാരികൾ ഞങ്ങളുടെ
ക്ലാസ്സിൽ ഉണ്ടായിരുന്നു. അവരെപ്പോലെ ഒരുത്തനാകും ഇവനും
എന്ന് കരുതിയാണ് ഞാനടക്കമുള്ളവർ ഭക്ഷണം കഴിക്കാൻ അവനെ
നിർബന്ധിക്കാതിരുന്നത്.... അന്ന് മുതൽ അവനേയും കൂടെ കൂട്ടൽ
തുടങ്ങി,..... 'രണ്ടാൾക്കുള്ള ചോറ് വേണം' എന്ന് പറയുമ്പോൾ
ആർക്കാണെന്ന് ചോദിക്കാതെ 'കളയാതിരുന്നാൽ മതി' എന്ന് പറയുന്ന
ഉമ്മച്ചിയുള്ളപ്പോൾ അവന് ഭക്ഷണത്തിന്റെ കുറവ് പിന്നെ
ഉണ്ടായിട്ടില്ല,....പലരും 'ബൂക്കിനെക്കാളും കൂടുതൽ
ചോറാണല്ലോ' എന്ന് പലകൂട്ടുകാരും കളിയാക്കി ചൊദിച്ചപ്പോളും
എനിക്ക് ഒന്നും തോന്നിയില്ല,... ഉച്ചക്ക് പൊതിച്ചോറ് അഴിക്കുമ്പോൾ
അവന്റെ മുഖത്ത് കാണുന്ന ചിരിയിൽ ഞാനവരുടെ കളിയാക്കൽ
മുക്കിക്കളഞ്ഞു... അന്നൊരു ദിവസം പൊതിച്ചോറ്
കെട്ടിയ ചാക്കുനൂല് മണത്ത് നോക്കി അവൻ പറഞ്ഞ വാക്ക് എന്റെ
ഖല്ബിലുടക്കി.. "എന്തൊരു ചൂരാ ഇതിന്,... അമ്മേടെ നനഞ്ഞ
കർച്ചീഫിന്റെ ചൂര് പോലെ" എന്ന്....അത്രയൊക്കെ അടുത്തിടപഴകിയിട്ടും
അവന്റെ വീട്ടുകാരെക്കുറിച്ച് ഒന്നും അവൻ പറഞ്ഞിരുന്നില്ല,...
ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ പതിവ് പോലെ ഉമ്മാട് സലാം പറയ്ട്ടാ എന്ന്
പറഞ്ഞ്,ചിരിച്ച് അവൻ കൈകഴുകാൻ നടന്നപ്പോൾ ഞാൻ ചോദിച്ചു
"അല്ലേടാ പുല്ലേ ഇജ്ജെന്താ നിന്ടെ വീട്ടുകാരെ എനിക്ക്
പരിചയപ്പെടുത്താത്തത്",... പെട്ടന്ന് മുഖത്ത് നോക്കി,.. ഒരല്പം പോലും
സെന്ടിയാവാതെ അവനാ വെറുങ്ങലിച്ച സത്യം എന്നോട്
പറഞ്ഞു "അയിന് പരിചയപ്പെടുത്താൻ എനിക്കാരേലും വേണ്ടെടാ
യാസീ"എന്ന്..... പിന്നെ ഞാൻ ഒന്നും ചോദിച്ചില്ല,... ഇന്ന് കോളേജ്
വിട്ടാൽ നീ എന്റെ കൂടെ വരണം എന്നും പറഞ്ഞ് അവനാ സന്ദർഭത്തിന്
തിരശ്ശീല താഴ്ത്തി... അന്ന് കോളേജ് കഴിഞ്ഞ് ഞങ്ങൾ കുറേ നേരം നടന്നു,... അവൻ അവനെക്കുറിച്ച് സ്വയം പരിചയപ്പെടുത്തി,... അമ്മയുടെ
മുഖം പോലും ഓർമയില്ലാത്ത,.... രണ്ടാം കല്യാണം കഴിച്ച് വേറെ
കുടുംബ ജീവിതം നയിക്കുന്ന അച്ഛനുള്ള,... അവനെക്കുറിച്ച്,.... അവൻ
ബാക്കി പറഞ്ഞതൊന്നും ഞാൻ മുഴുവനായും കേട്ടില്ല.... ഈ കാലത്തും
ഇതുപോലെ ദാരിദ്ര്യമുള്ള കുടുംബങ്ങളോ എന്ന് ഞാൻ സ്വയം
പിറുപിറുത്തു,.... അമ്മാവന്റെ വീട്ടിലാണ് അവൻ നില്ക്കുന്നത്,... അമ്മായി മരിച്ചോണ്ട് അമ്മാവനും അവനും ഒറ്റക്കാണ് അവിടെ,... ഫുൾടൈം വെള്ളത്തിൽ കിടക്കുന്ന അമ്മാവനാണ് പറയാൻ
മാത്രമുള്ള വീട്ടുകാരൻ,... ഒരു വർക്ക്- ഷോപ്പിൽ പാർട്ട് ടേം
പണിക്കരനായത്കൊണ്ട് അവൻ ഡിഗ്രിക്ക് ചേർന്നു എന്നതൊഴിച്ചാൽ
തികച്ചും കണ്ണ് നനയിക്കുന്ന ജീവിതത്തിനുടമ..... ഭക്ഷണത്തോടുള്ള
അവന്റെ ഇഷ്ടം,.... ബഹുമാനം എല്ലാം ഞാൻ അവന്റെ വാക്കുകളിലൂടെ കൂട്ടി വായിച്ചു.... അന്ന് വീട്ടിലെത്തിയപ്പോൾ
ഉമ്മച്ചിയോട് പൊതിച്ചോറിലേ രണ്ടാമനെക്കുറിച്ച് ഞാൻ പറഞ്ഞു,...
പറഞ്ഞ് തുടങ്ങിയത് മുതൽക്കേ ഉമ്മാടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു,.... നാളെ അവനെയും വിളിച്ച് വീട്ടിലേക്ക് വരാൻ പറഞ്ഞ്,... തട്ടമെടുത്ത് കണ്ണ്
തുടച്ച് ഉമ്മച്ചി അടുക്കളയിലേക്ക് പോയി,.....
വിളിച്ച ഉടനേത്തന്നെ അന്നം തരുന്ന ഉമ്മാനേകാണണം എന്ന് പറഞ്ഞ് അവൻ
സമ്മതം മൂളി...
അന്ന് ഉമ്മച്ചി പതിവിലും നേരത്തെ എണീറ്റിരുന്നു,... അടുപ്പ് പുകഞ്ഞുതുടങ്ങി,... വിഭവങ്ങൾ
ഒരുങ്ങിത്തുടങ്ങി,.... ഞാൻ അവനേയും കൂട്ടി വീട്ടിലെത്തി,... എത്തിയത്
മുതല്ക്ക് ഉമ്മച്ചി എന്നെ ശെരിക്കും മറന്നു,...
അവനേ സ്നേഹം കൊണ്ട് മൂടുന്നത്,... നല്ല വാക്കുകൾകൊണ്ട്
തലോടുന്നതും ഇത്തിരി അസൂയയോടെ ഞാൻ നോക്കി നിന്നു,.... ഉമ്മാടെ സ്നേഹ സംസാരത്തിനൊടുവിൽ ഞങ്ങൾ ഭക്ഷണം കഴിക്കാനിരുന്നു...
അവന്ക് ഇഷ്ട വിഭവങ്ങൾ വിളമ്പിക്കൊടുക്കുന്നതിനിടക്ക് എന്റെ പ്ലേറ്റ് പോലും ഉമ്മച്ചി മറന്നു,.... അവൻ എന്റെ ഉമ്മച്ചിയുടെ സ്നേഹ സല്ക്കാരം ശെരിക്കും ആസ്വധിച്ചു എന്ന് അവന്റെ
ചിരിച്ചുള്ള ഉമ്മാ എന്ന വിളിയിൽ എനിക്ക് കാണാമായിരുന്നു....
ഒടുവിൽ കുറെ കഴിഞ്ഞ് യാത്ര പറഞ്ഞ്
പോകാൻ നേരം ഉമ്മ അവനോട് സ്നേഹത്തോടെ പറയുന്നത് കേട്ടു
"ഇന്റെ കുട്ടിക്ക് എപ്പോ വേണേലും
ഇങ്ങോട്ട് വരാട്ടോ,.. മോന്റെ അമ്മ
തന്നെയാണ് ഞാനും"എന്ന്..... വല്ലാത്തൊരു മനസ്സ് നിറഞ്ഞ ചിരി
ചിരിച്ച് അവൻ പോകാനൊരുങ്ങി,... ഞാനവനെ ഉപ്പാടെ ബൈക്ക് എടുത്ത്
ബസ്സ് സ്റ്റോപ്പിൽ എത്തിച്ചു,..
ബസ്സ് കയറി അവൻ കൈ വീശുമ്പോൾ അമ്മയെ തിരിച്ച് കിട്ടിയ ഒരു മകനെ
എനിക്കവിടെ കാണാമായിരുന്നു...

വീട്ടിൽ തിരിച്ചെത്തിയ ഞാൻ ഉമ്മാട് മുഖം വീർപിച്ച് ചോദിച്ചു "ഓൻ
വന്നപ്പോ ഇക്കൊരുകോരി ചോറ്
വെളമ്പിത്തരാൻ പോലും മറന്നൂലെ ഇങ്ങള് എന്ന്".... അതിന് എന്റെ ഉമ്മച്ചി
പറഞ്ഞ മറുപടി എനിക്ക് തന്ന
സന്തോഷം പറഞ്ഞറിയിക്കനാവ ുന്നതിലും അപ്പുറമായിരുന്നു... "യാസീ,...
മ്മാടെ കുട്ടി മദ്രസ്സേല് പഠിച്ചിട്ടില്ലേ റസൂല് പറഞ്ഞത്,...
അനാഥനായ ആരുല്യാത്ത കുട്ട്യോൾടെ മുന്നില് വേച്ചു സ്വന്തം
മകനെ താലോലിക്കരുത് എന്ന്,.... അന്റെ ഉമ്മയും അത്രേ ചെയ്തുള്ളൂ,...
നിന്നെപ്പോലെ ഒരു മോനല്ലേടാ അതും,...അതോണ്ടാട്ടാ പൊന്ന്വൊ"..
എന്ന്..! ഉമ്മാ,....... പിറ്റേന്ന് കോളേജിൽ
വന്നപ്പോൾ എന്നെ കെട്ടിപ്പിടിച്ച് അവൻ നിറഞ്ഞ കണ്ണോടെ എന്നോട്
പറഞ്ഞ ആ വാക്കുകൾ അതേ സ്നേഹം ചോരാതെ എങ്ങിനെയാണ് ഞാൻ
നിങ്ങളിൽ എത്തിക്കുക,... അറിയില്ല
ഉമ്മാ എനിക്കറിയില്ല,...
"ഇജ്ജ് ഭാഗ്യം ഉള്ളോനാ യാസീ,... എന്തൊരു സ്നേഹാടാ ആ ഉമ്മാക്ക്,...
ഇന്നലെയാണെടാ,... എന്റെ അമ്മയെ ഞാൻ കണ്ടത്,.... ഇന്നലെയാണ്
അമ്മയുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ശെരിക്കും കൊതിച്ചത്,....
എന്ത് രുചി ആയിരുന്നൂടാ ആ ബിരിയാണിക്ക്,... TMK-യില്ന്ന് എത്ര
ബിരിയാണി കഴിച്ച തൊള്ളായാണ്,...
പക്ഷെ ഇന്നലെ കഴിച്ച ബിരിയാണിക്ക് രുചിയേക്കാൾ കൂടുതൽ സ്നേഹായിരുന്നൂടാ" എന്ന്..... !

(കണ്ണുണ്ടായിട്ടും കണ്ണിന്റെ മഹിമ അറിയാത്ത മക്കൾക്കും,... കണ്ണിലെ
കൃഷ്ണമണിപോലെ ഉമ്മാനേ
നോക്കുന്ന മക്കൾക്കും ഈ കഥ
സമർപ്പിക്കുന്നു)     ( copy from whatsapp )

15/8/15

Independence DAY

ധീര യോദ്ധാക്കളുടെ ചെറുത്ത്നിൽപ്പ് കാരണം ഇന്ന് നമുക്ക് സ്വതന്ത്ര്യ ഭാരതം കാണാൻ കഴിഞ്ഞു. പകർത്താതെ പോയതും വളച്ചൊടിച്ചതുമായ ചരിത്രങ്ങൾ ഒരുപാടുണ്ട്..  ബ്രിട്ടീഷ്‌ ആധിപത്യം മുതലല്ല ഈ ചരിത്രം തുടങ്ങുന്നത്, പോർച്ചുഗീസുകാറോട് അടരാടിയ കുഞ്ഞാലി മരക്കാർ മുതൽ അഹിംസയിൽ അധിഷ്ഠിതമായ സമര മുറ കൊണ്ട് ബ്രിട്ടീഷ്‌ പട്ടാളത്തെ പാഠം പഠിപ്പിച്ച ഗാന്ധിജിയും, അതിനു മുമ്പ് തന്നെ ഇന്ത്യക്ക് വേണ്ടി പട പൊരുതിയ ടിപ്പുസുല്‍ത്താന്‍ തുടങ്ങി നിരവധി മഹത് വ്യക്തിത്വങ്ങളുടെ പ്രയത്ന ഫലമാണ് ഈ സ്വാതന്ത്ര്യം...!!
Dzn: faisal.T (Ps drawing)

16/7/15

പെരുന്നാൾ ആശംസകൾ


ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ.....
Dzn: faisal.T
റമദാനിൻ വിശുദ്ധിയുടെ ദിനരാത്രങ്ങൾ വിടപറയുന്നു
ശവ്വാലിൻ ഒളി വിടരുന്നു...
എങ്ങും പെരുന്നാൾ വസന്തത്തിൻ കുളിര് കാറ്റ്...
ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ...

Dzn:faisal.T
എന്തിനും ഏതിനും സോഷ്യൽ മീഡിയയിലെ സ്റ്റാറ്റസുകൾ കൊണ്ട് മാത്രം ഒതുക്കുന്ന നവസമൂഹം ഒന്ന് മാറി ചിന്തിക്കുമോ?
ചെറുകഥ

പെരുന്നാളിലെ ഒരു ചിരിയുടെ ചെറുകഥ...

free time design

26/6/15

മണ്ണും മനസ്സും


google

കേരളത്തിൻറെ മണ്ണ് രാസവസ്തുക്കളാൽ മലീമസം,മാരക കീടാണു നാശിനി തളിച്ച ഭക്ഷണം കഴിച്ചു ശീലിച്ച മലയാളി മനസ്സും കഷ്ട്ടത്തിലേക്ക് .. ആരോഗ്യം നോക്കാൻ ഫാസ്റ്റ് ഫുഡ് ഒഴിവാക്കി പുവർ വെജ് ആയി മാറിയവന്നു ഇടി വെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥ..!

വേനൽക്കാലം വരുമ്പോൾ ഉപ്പക്കൊപ്പം വയലിൽ നിലം കിളച്ചു ശരിയാക്കി  ചാണകവും പച്ചിലവളവും ഉപയോഗിച്ച് കൃഷി ചെയ്തത് ഇന്നും ഓർമയിലുണ്ട് (ഓർമയിലെ ഒള്ളു ). മഴക്കാലത്ത് നെല്ല്,വേനലിൽ വിവിധ പച്ചക്കറികൾ ഇതായിരുന്നു കാർഷിക രീതി. വാഴയും, കപ്പയും, ചീരയും, പടവലവും .... അങ്ങിനെ തണ്ണിമത്തൻ വരെ നീളുന്ന കൃഷിയിൽ രാസവളത്തെ തൊടാൻ സമ്മതിക്കാറില്ല. അത് കൊണ്ട് തന്നെ വൈകിട്ട് നനയ്ക്കാൻ ഇറങ്ങുമ്പോ വെണ്ടയ്ക്കയും വെള്ളരിയുമൊക്കെ പച്ചയിൽ കടിച്ചു തിന്നുന്നതു രസമായിരുന്നു.


മണ്ഡരി തെങ്ങിനേറ്റതോടു കൂടി മരുന്നു തളിയും, കായ്‌ ഫലം കുറവായതിൽ രാസവളവും അരങ്ങിലേറി. മണ്ഡരി ബാധിച്ചതിൽ പിന്നെ തേങ്ങയുടെ തോത് നാലിലൊന്നായി കുറഞ്ഞെങ്കിലും രാസവളം പഴയപടിയിലേക്ക് തിരിചെത്തിച്ചു. എന്നാൽ ഒരു വർഷം വളപ്രയോഗം നടത്തിയില്ലെങ്കിൽ നാലിലൊന്ന് പോയിട്ട് എട്ടിലൊന്നു കിട്ടിയാലായി.


ഇന്ന് പച്ചക്കറിയും മറ്റെതൊരു സസ്യവും നട്ടു വളർത്താൻ രാസവളവും കീടാനു നാശിനിയും വേണമെന്ന സ്ഥിയിലായി, കൂടെ കൃഷി ചെയ്യാൻ ആളും ഇല്ലെന്ന സ്ഥിതിയായി.

ജൈവവളമുപയോഗിച്ചുള്ള കൃഷി രീതി ഇന്ന് പ്രചാരമേറിയതാണ് . കൂടുതൽ വിളവു നല്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ മനസ്സ് കുളിർപ്പിക്കും, എഞ്ചിനീയെർസും ചില പ്രവാസികളുമൊക്കെ ചെയ്തിരുന്ന ജോലി ഉപേക്ഷിച്ചു കൃഷിയിലേക്ക് തിരിഞ്ഞതും നൂറുമേനി കൊയ്തതും നാം വായിച്ചു. എന്നാലും കേരളത്തിനാവശ്യമായ പച്ചക്കറികൾ കേരളത്തിൽ ഉൽപ്പാദിപ്പിക്കാൻ കഴിയുന്നില്ല എന്നതാണല്ലോ കാണുന്നത്.

രാസ വസ്തുക്കൾ നിറഞ്ഞ പഴങ്ങളും പച്ചക്കറികളും ഇന്ന് വിപണി കീഴടക്കിയിരിക്കുന്നു.അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മുഴുവൻ പഴവർഗങ്ങളും പച്ചക്കറിയും രാസവളവും കീടാണു നാശിനിയും ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. പാകമാകാതെ പഴുപ്പിക്കാനും രുചി വർദ്ധിപ്പിക്കാനും തുടങ്ങി വിവിധ പ്രയോഗങ്ങൾ നടത്തി വിപണിയിൽ എത്തിക്കുന്ന സാധനം വൻ ഡിമാന്റിൽ വിറ്റഴിക്കപ്പെടുന്നു.

ഓരോ മലയാളിയും ഇന്ന് നീങ്ങുന്നത് ആരൊക്കെയോ ചേർന്നെഴുതിയ തിരക്കഥക്ക് അനുസരിച്ചാണ്.
അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മാമ്പഴം,ഓറഞ്ച് , മുന്തിരി എന്നിവയിലെല്ലാം മാരകമായ രാസപ്രയോഗം നടക്കുന്നുണ്ടെന്ന് നേരത്തെ ആരോഗ്യവകുപ്പ് കണ്ടെത്തിയതാണ്. സാധനങ്ങളുടെ സാമ്പിൾ പെട്ടെന്ന് പരിശോദിക്കാനുള്ള സംവിധാനമൊന്നും ആരോഗ്യവകുപ്പിൻറെ കൈകളിലില്ല എന്നതാണ് വാസ്തവം.

ഇത് മാത്രമല്ല, വിവിധ ചോക്ലേറ്റ്, രാസപദാർത്ഥങ്ങൾ ചേർത്ത ശീതള പാനീയങ്ങൾ ചില മിനറൽ വാട്ടർ വരെ കാൻസർ,ശ്വാസ കോശം, ഹൃദയ സംബന്ധമായ അസുഖങ്ങൾ വ്യാപകമാക്കുന്നതിന് കാരണമാകുന്നുണ്ടെന്നു ഡോക്ടർമാർ മുന്നറിയിപ്പ് നല്കുന്നുണ്ട്.

മല്ലി, മുളക് തുടങ്ങി സകല പോടികളിലും മായങ്ങളുടെ കലവറ തീർത്ത് മുന്നേറുന്നത് കണ്ടു കൊണ്ടിരിക്കുന്നു. ഈയടുത്ത്  ഗുജറാത്തിൽ വളമായി ഉപയോഗിക്കുന്ന മല്ലി വേസ്റ്റ് കേരളത്തിലെക്ക് വന്ന കണ്ടൈനർ പിടിച്ചത് വായിച്ചല്ലോ. ഇത് കറിക്കൂട്ട് മസാലക്കമ്പനികൾക്കായി വിതരണം നടത്താൻ വേണ്ടിയാണത്രേ, ഇത് വായിച്ചപ്പോൾ പൈസ കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിയ അവസ്ഥയാണ് എന്ന് തോന്നിപ്പോയി..

കർഷകർക്കായി ഗവർമെന്റ് സബ്സിഡി നല്കുന്നുണ്ടെന്നത് വലിയൊരു ആശ്വാസം തന്നെയാണ്, അതിൻറെ മറവിൽ അരക്കോടിയോളം രൂപ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കൃഷി ഓഫീസറെ മാറ്റിയ വാര്ത്ത കണ്ടപ്പോൾ ഭിക്ഷക്കാരന്റെ മുമ്പിൽ ഇരക്കാൻ ചെന്ന ഉപമയാണ് ഓർത്തത്‌.

ഓരോ കർഷകനും വിവിധ പ്രശ്നങ്ങൾ പറയാനുണ്ട്.നഷ്ട്ടങ്ങളുടെ കണക്കും, അദ്വാനത്തിന്റെ കണക്കുകൾക്ക് സാമ്യമായ വരവില്ലാത്തതും പലവിധ കീടശല്യവും പ്രകൃതി ക്ഷോഭങ്ങൾ അങ്ങിനെ.... നെൽവയൽ മണ്ണിട്ട്‌ നികത്തി കെട്ടിടങ്ങൾ പണിതു,വീട്ടാവശ്യത്തിനു കൃഷി ചെയ്യാൻ നോക്കുമ്പോൾ സ്ഥലമില്ലാത്ത പരാതികൾ അങ്ങിനെ വേറെയും. എല്ലാറ്റിനും ഒരു മുഴം മുന്നേ എറിയുന്ന മലയാളി കൃഷിയിൽ മാത്രം പിന്നോട്ടായി,

ഇതിനിടയിൽ ഏക്കർ കണക്കിന് ഭൂമി ഏറ്റെടുത്ത് വികസനത്തിന്റെ അദ്ധ്യായം രചിക്കാൻ കേരളത്തിൽ മൂന്നെണ്ണം ഉണ്ടായിട്ടും തികയാത്ത പോലെ ഒരു എയർപോർട്ട്‌ കൂടി നിര്മിക്കുന്നു. 
സർക്കാർ ഭൂമി ഏറ്റെടുത്ത് ജൈവ കൃഷി നടത്താൻ ഉത്‌സാഹിക്കാത്തതെന്ത് ?ലാഭത്തിന്റെ കണക്ക് കാണിക്കാൻ കഴിയില്ല എന്നത് കൊണ്ടോ ? അപ്പോൾ ഈ കർഷകരുടെ അവസ്ഥ...?

മണ്ണിന്റെ മനസ്സറിയാത്ത വികസനം, മനുഷ്യൻറെ അത്യാവശ്യം നിറവേറ്റാത്തതായാൽ എന്ത് ചെയ്യും ....!!

23/6/15

ഒരിക്കൽ കൂടി...

                         
                           
                               കഴിഞ്ഞ വർഷത്തിൽ ഗസ്സയുടെ നോവറിഞ്ഞ ചിത്രങ്ങളും റിപ്പോർട്ടുകളും കൊണ്ട് സങ്കടക്കടൽ തീർത്തു നാം. ജനങ്ങളാകയും പ്രാർത്ഥിച്ചു. ഗസ്സയിൽ പിടഞ്ഞ ബാല്യങ്ങളെയോർത്തു നെഞ്ചു പിടഞ്ഞു.

                                 തന്റെ നെഞ്ചിലേക്ക് ചൂണ്ടിയത് തോക്കാണെന്നറിയാത്ത പ്രായത്തിൽ  തീർന്ന ബാല്യം,ഒരുപാട്  സഹോദരിമാർ വിധവകളായവർ,കുടുംബം തന്നെ നഷ്ട്ടപ്പെട്ടവർ,തന്റെ കുഞ്ഞിന്റെ പൊട്ടിത്തകർന്ന ശരീരം ഏറ്റുവാങ്ങേണ്ടി വന്നവർ, അഭയാർത്ഥി ക്യാമ്പിലെ നൊമ്പരം. ഷെല്ലാക്രമണം. കാലം മാപ്പ് നൽകാത്ത നരാധമ അക്രമം.....അങ്ങിനെ ലോകത്തിനെ നടുക്കിയ ജൂതന്റെ നരനായാട്ട്...

                               ക്ലോക്കിലെ സെകന്റ് സൂചി മിനുട്ടുകളിൽ നിന്ന് മണിക്കൂറുകളിലേക്കും, ദിവസങ്ങൾ ആഴ്ച്ചകളിലൂടെ വർഷങ്ങളിലെക്കും കടക്കുമ്പോൾ കാലത്തിനനുസൃതമായി വിസ്മൃതിയിലേക്ക് തള്ളിയ കൂട്ടത്തിൽ നാമും ഗസ്സയെ മറന്നു.

                               ചിറകരിഞ്ഞ പക്ഷിക്ക് അന്നം തേടിപ്പോകാനാവില്ല, കുഞ്ഞു കിളികൾക്ക്  കൊക്കിലെക്ക്  വെച്ചുകൊടുക്കാൻ തള്ളപക്ഷികളില്ല, സാമൂഹികവും സാമ്പത്തികവുമായി തകർന്ന അടിച്ചമർത്തപ്പെട്ട ജനത.. അതാണ്‌ ഇന്ന് ഗസ്സയുടെ അവസ്ഥ.

                            ഇതെല്ലാം ഇപ്പോൾ പറഞ്ഞതിലെ കാര്യം വ്യക്തമാക്കാം. ദുരന്തങ്ങൾ  സംഭവിക്കുമ്പോൾ നാമെല്ലാം   കാണുന്ന പ്രധാന സംഗതിയാണ് അഭയാർത്ഥി  ക്യാമ്പിലെ ഭക്ഷണ വിതരണം, ആ ഭക്ഷണത്തിനു വേണ്ടിയുള്ള തിരക്ക്, കുറഞ്ഞ ഭക്ഷണം പങ്കിട്ട് കഴിക്കുന്നവർ..... അങ്ങിനെ...

                            കാര്യമെന്തായാലും ഭക്ഷണത്തിന്റെ മാഹാത്മ്യം പോസ്റ്ററുകൾ സോഷ്യൽ മീഡിയ നിറയും (ആ കാലയളവിലെക്ക്).. എന്നാൽ ഈ നോമ്പ്  സമയത്തും അല്ലാത്ത സമയവും നമ്മൾ കഴിക്കുന്ന അല്ലെങ്കിൽ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിൽ മാറ്റം വരുത്തിയിട്ടുണ്ടോ?

 ഭക്ഷണം പാഴാക്കുന്നതിൽ ഗൾഫിൽ ജീവിക്കുന്നവർ മുൻപന്തിയിൽ ആണെന്നാണ്‌ എന്റെ പക്ഷം. ടണ്‍ കണക്കിന് ഭക്ഷണം ഓരോ ദിവസവും  അനാവശ്യമായി വേസ്റ്റ്‌ ബോക്സിലേക്ക് തള്ളുന്നുണ്ട്. മറ്റുള്ളവർ ചെയ്യുന്നത് തടയാൻ  കഴിഞ്ഞില്ലെങ്കിലും നമുക്ക് സ്വയമൊരു തീരുമാനം എടുത്തു കൂടെ ?ഭക്ഷണത്തിന്റെ വില മനസ്സിലാക്കാൻ നമുക്കൊരു ദുരന്തം വരേണ്ടതുണ്ടോ ? ഒന്ന് ചിന്തിക്കൂ സോദരാ..

                            ഒരു രാജ്യത്ത് കമിതാക്കൾ ഓർഡർ ചെയ്തത് കോഫിയും ഒരു  സ്നാക്സുമാണത്രേ. അവനെന്ത് പിശുക്കനാണെന്നു ചിന്തിച്ച നേരം മറ്റു ആളുകളും ഇത്പോലെ ചെറിയ തോതിലാണ് ഓർഡർ ചെയ്യുന്നതെന്ന് മനസ്സിലായി. ഈ വിദേശി  ഓർഡർ ചെയ്തതിൽ ബാക്കി വന്ന ഭക്ഷണം കണ്ട ഒരു സ്വദേശിക്ക് ഇതത്ര പിടിച്ചില്ല. സൗഹൃദരൂപേണ കാര്യം ഉണർത്തിച്ചു . എന്റെ കാശ് കൊണ്ടാണ് ഞാൻ വാങ്ങിച്ചത് എന്നാ വാക്കിനു മറുപടിയായി സ്വദേശി പോലീസിനെ വിളിക്കുകയും ഭക്ഷണം പാഴാക്കിയതിനു പിഴ ചുമത്തുകയും ചെയ്തു. കൂടെ ഇക്കാര്യവും ഉണർത്തി : കാശ്  നിങ്ങളുടെതാകും, പക്ഷെ ഭക്ഷണം മറ്റുള്ളവർക്ക്‌ കൂടി അവകാശപ്പെട്ടതാണ് ,അതിന്റെ      അധ്വാനം മറ്റുള്ളവരുടെത് കൂടിയാണ് .!(ഓർമയിൽ നിന്ന്)

                          നമ്മൾ നഷ്ട്ടപ്പെടുത്തുന്ന ഓരോ അരിമണിക്കും അദ്വാനത്തിന്റെ ഗന്ധമുണ്ട്,           അതിലുപരി അത് ലഭിക്കാത്തവന്റെ വേദനയുടെ നിലവിളിയുണ്ട്..