26/6/15

മണ്ണും മനസ്സും


google

കേരളത്തിൻറെ മണ്ണ് രാസവസ്തുക്കളാൽ മലീമസം,മാരക കീടാണു നാശിനി തളിച്ച ഭക്ഷണം കഴിച്ചു ശീലിച്ച മലയാളി മനസ്സും കഷ്ട്ടത്തിലേക്ക് .. ആരോഗ്യം നോക്കാൻ ഫാസ്റ്റ് ഫുഡ് ഒഴിവാക്കി പുവർ വെജ് ആയി മാറിയവന്നു ഇടി വെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥ..!

വേനൽക്കാലം വരുമ്പോൾ ഉപ്പക്കൊപ്പം വയലിൽ നിലം കിളച്ചു ശരിയാക്കി  ചാണകവും പച്ചിലവളവും ഉപയോഗിച്ച് കൃഷി ചെയ്തത് ഇന്നും ഓർമയിലുണ്ട് (ഓർമയിലെ ഒള്ളു ). മഴക്കാലത്ത് നെല്ല്,വേനലിൽ വിവിധ പച്ചക്കറികൾ ഇതായിരുന്നു കാർഷിക രീതി. വാഴയും, കപ്പയും, ചീരയും, പടവലവും .... അങ്ങിനെ തണ്ണിമത്തൻ വരെ നീളുന്ന കൃഷിയിൽ രാസവളത്തെ തൊടാൻ സമ്മതിക്കാറില്ല. അത് കൊണ്ട് തന്നെ വൈകിട്ട് നനയ്ക്കാൻ ഇറങ്ങുമ്പോ വെണ്ടയ്ക്കയും വെള്ളരിയുമൊക്കെ പച്ചയിൽ കടിച്ചു തിന്നുന്നതു രസമായിരുന്നു.


മണ്ഡരി തെങ്ങിനേറ്റതോടു കൂടി മരുന്നു തളിയും, കായ്‌ ഫലം കുറവായതിൽ രാസവളവും അരങ്ങിലേറി. മണ്ഡരി ബാധിച്ചതിൽ പിന്നെ തേങ്ങയുടെ തോത് നാലിലൊന്നായി കുറഞ്ഞെങ്കിലും രാസവളം പഴയപടിയിലേക്ക് തിരിചെത്തിച്ചു. എന്നാൽ ഒരു വർഷം വളപ്രയോഗം നടത്തിയില്ലെങ്കിൽ നാലിലൊന്ന് പോയിട്ട് എട്ടിലൊന്നു കിട്ടിയാലായി.


ഇന്ന് പച്ചക്കറിയും മറ്റെതൊരു സസ്യവും നട്ടു വളർത്താൻ രാസവളവും കീടാനു നാശിനിയും വേണമെന്ന സ്ഥിയിലായി, കൂടെ കൃഷി ചെയ്യാൻ ആളും ഇല്ലെന്ന സ്ഥിതിയായി.

ജൈവവളമുപയോഗിച്ചുള്ള കൃഷി രീതി ഇന്ന് പ്രചാരമേറിയതാണ് . കൂടുതൽ വിളവു നല്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ മനസ്സ് കുളിർപ്പിക്കും, എഞ്ചിനീയെർസും ചില പ്രവാസികളുമൊക്കെ ചെയ്തിരുന്ന ജോലി ഉപേക്ഷിച്ചു കൃഷിയിലേക്ക് തിരിഞ്ഞതും നൂറുമേനി കൊയ്തതും നാം വായിച്ചു. എന്നാലും കേരളത്തിനാവശ്യമായ പച്ചക്കറികൾ കേരളത്തിൽ ഉൽപ്പാദിപ്പിക്കാൻ കഴിയുന്നില്ല എന്നതാണല്ലോ കാണുന്നത്.

രാസ വസ്തുക്കൾ നിറഞ്ഞ പഴങ്ങളും പച്ചക്കറികളും ഇന്ന് വിപണി കീഴടക്കിയിരിക്കുന്നു.അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മുഴുവൻ പഴവർഗങ്ങളും പച്ചക്കറിയും രാസവളവും കീടാണു നാശിനിയും ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. പാകമാകാതെ പഴുപ്പിക്കാനും രുചി വർദ്ധിപ്പിക്കാനും തുടങ്ങി വിവിധ പ്രയോഗങ്ങൾ നടത്തി വിപണിയിൽ എത്തിക്കുന്ന സാധനം വൻ ഡിമാന്റിൽ വിറ്റഴിക്കപ്പെടുന്നു.

ഓരോ മലയാളിയും ഇന്ന് നീങ്ങുന്നത് ആരൊക്കെയോ ചേർന്നെഴുതിയ തിരക്കഥക്ക് അനുസരിച്ചാണ്.
അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മാമ്പഴം,ഓറഞ്ച് , മുന്തിരി എന്നിവയിലെല്ലാം മാരകമായ രാസപ്രയോഗം നടക്കുന്നുണ്ടെന്ന് നേരത്തെ ആരോഗ്യവകുപ്പ് കണ്ടെത്തിയതാണ്. സാധനങ്ങളുടെ സാമ്പിൾ പെട്ടെന്ന് പരിശോദിക്കാനുള്ള സംവിധാനമൊന്നും ആരോഗ്യവകുപ്പിൻറെ കൈകളിലില്ല എന്നതാണ് വാസ്തവം.

ഇത് മാത്രമല്ല, വിവിധ ചോക്ലേറ്റ്, രാസപദാർത്ഥങ്ങൾ ചേർത്ത ശീതള പാനീയങ്ങൾ ചില മിനറൽ വാട്ടർ വരെ കാൻസർ,ശ്വാസ കോശം, ഹൃദയ സംബന്ധമായ അസുഖങ്ങൾ വ്യാപകമാക്കുന്നതിന് കാരണമാകുന്നുണ്ടെന്നു ഡോക്ടർമാർ മുന്നറിയിപ്പ് നല്കുന്നുണ്ട്.

മല്ലി, മുളക് തുടങ്ങി സകല പോടികളിലും മായങ്ങളുടെ കലവറ തീർത്ത് മുന്നേറുന്നത് കണ്ടു കൊണ്ടിരിക്കുന്നു. ഈയടുത്ത്  ഗുജറാത്തിൽ വളമായി ഉപയോഗിക്കുന്ന മല്ലി വേസ്റ്റ് കേരളത്തിലെക്ക് വന്ന കണ്ടൈനർ പിടിച്ചത് വായിച്ചല്ലോ. ഇത് കറിക്കൂട്ട് മസാലക്കമ്പനികൾക്കായി വിതരണം നടത്താൻ വേണ്ടിയാണത്രേ, ഇത് വായിച്ചപ്പോൾ പൈസ കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിയ അവസ്ഥയാണ് എന്ന് തോന്നിപ്പോയി..

കർഷകർക്കായി ഗവർമെന്റ് സബ്സിഡി നല്കുന്നുണ്ടെന്നത് വലിയൊരു ആശ്വാസം തന്നെയാണ്, അതിൻറെ മറവിൽ അരക്കോടിയോളം രൂപ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കൃഷി ഓഫീസറെ മാറ്റിയ വാര്ത്ത കണ്ടപ്പോൾ ഭിക്ഷക്കാരന്റെ മുമ്പിൽ ഇരക്കാൻ ചെന്ന ഉപമയാണ് ഓർത്തത്‌.

ഓരോ കർഷകനും വിവിധ പ്രശ്നങ്ങൾ പറയാനുണ്ട്.നഷ്ട്ടങ്ങളുടെ കണക്കും, അദ്വാനത്തിന്റെ കണക്കുകൾക്ക് സാമ്യമായ വരവില്ലാത്തതും പലവിധ കീടശല്യവും പ്രകൃതി ക്ഷോഭങ്ങൾ അങ്ങിനെ.... നെൽവയൽ മണ്ണിട്ട്‌ നികത്തി കെട്ടിടങ്ങൾ പണിതു,വീട്ടാവശ്യത്തിനു കൃഷി ചെയ്യാൻ നോക്കുമ്പോൾ സ്ഥലമില്ലാത്ത പരാതികൾ അങ്ങിനെ വേറെയും. എല്ലാറ്റിനും ഒരു മുഴം മുന്നേ എറിയുന്ന മലയാളി കൃഷിയിൽ മാത്രം പിന്നോട്ടായി,

ഇതിനിടയിൽ ഏക്കർ കണക്കിന് ഭൂമി ഏറ്റെടുത്ത് വികസനത്തിന്റെ അദ്ധ്യായം രചിക്കാൻ കേരളത്തിൽ മൂന്നെണ്ണം ഉണ്ടായിട്ടും തികയാത്ത പോലെ ഒരു എയർപോർട്ട്‌ കൂടി നിര്മിക്കുന്നു. 
സർക്കാർ ഭൂമി ഏറ്റെടുത്ത് ജൈവ കൃഷി നടത്താൻ ഉത്‌സാഹിക്കാത്തതെന്ത് ?ലാഭത്തിന്റെ കണക്ക് കാണിക്കാൻ കഴിയില്ല എന്നത് കൊണ്ടോ ? അപ്പോൾ ഈ കർഷകരുടെ അവസ്ഥ...?

മണ്ണിന്റെ മനസ്സറിയാത്ത വികസനം, മനുഷ്യൻറെ അത്യാവശ്യം നിറവേറ്റാത്തതായാൽ എന്ത് ചെയ്യും ....!!

23/6/15

ഒരിക്കൽ കൂടി...

                         
                           
                               കഴിഞ്ഞ വർഷത്തിൽ ഗസ്സയുടെ നോവറിഞ്ഞ ചിത്രങ്ങളും റിപ്പോർട്ടുകളും കൊണ്ട് സങ്കടക്കടൽ തീർത്തു നാം. ജനങ്ങളാകയും പ്രാർത്ഥിച്ചു. ഗസ്സയിൽ പിടഞ്ഞ ബാല്യങ്ങളെയോർത്തു നെഞ്ചു പിടഞ്ഞു.

                                 തന്റെ നെഞ്ചിലേക്ക് ചൂണ്ടിയത് തോക്കാണെന്നറിയാത്ത പ്രായത്തിൽ  തീർന്ന ബാല്യം,ഒരുപാട്  സഹോദരിമാർ വിധവകളായവർ,കുടുംബം തന്നെ നഷ്ട്ടപ്പെട്ടവർ,തന്റെ കുഞ്ഞിന്റെ പൊട്ടിത്തകർന്ന ശരീരം ഏറ്റുവാങ്ങേണ്ടി വന്നവർ, അഭയാർത്ഥി ക്യാമ്പിലെ നൊമ്പരം. ഷെല്ലാക്രമണം. കാലം മാപ്പ് നൽകാത്ത നരാധമ അക്രമം.....അങ്ങിനെ ലോകത്തിനെ നടുക്കിയ ജൂതന്റെ നരനായാട്ട്...

                               ക്ലോക്കിലെ സെകന്റ് സൂചി മിനുട്ടുകളിൽ നിന്ന് മണിക്കൂറുകളിലേക്കും, ദിവസങ്ങൾ ആഴ്ച്ചകളിലൂടെ വർഷങ്ങളിലെക്കും കടക്കുമ്പോൾ കാലത്തിനനുസൃതമായി വിസ്മൃതിയിലേക്ക് തള്ളിയ കൂട്ടത്തിൽ നാമും ഗസ്സയെ മറന്നു.

                               ചിറകരിഞ്ഞ പക്ഷിക്ക് അന്നം തേടിപ്പോകാനാവില്ല, കുഞ്ഞു കിളികൾക്ക്  കൊക്കിലെക്ക്  വെച്ചുകൊടുക്കാൻ തള്ളപക്ഷികളില്ല, സാമൂഹികവും സാമ്പത്തികവുമായി തകർന്ന അടിച്ചമർത്തപ്പെട്ട ജനത.. അതാണ്‌ ഇന്ന് ഗസ്സയുടെ അവസ്ഥ.

                            ഇതെല്ലാം ഇപ്പോൾ പറഞ്ഞതിലെ കാര്യം വ്യക്തമാക്കാം. ദുരന്തങ്ങൾ  സംഭവിക്കുമ്പോൾ നാമെല്ലാം   കാണുന്ന പ്രധാന സംഗതിയാണ് അഭയാർത്ഥി  ക്യാമ്പിലെ ഭക്ഷണ വിതരണം, ആ ഭക്ഷണത്തിനു വേണ്ടിയുള്ള തിരക്ക്, കുറഞ്ഞ ഭക്ഷണം പങ്കിട്ട് കഴിക്കുന്നവർ..... അങ്ങിനെ...

                            കാര്യമെന്തായാലും ഭക്ഷണത്തിന്റെ മാഹാത്മ്യം പോസ്റ്ററുകൾ സോഷ്യൽ മീഡിയ നിറയും (ആ കാലയളവിലെക്ക്).. എന്നാൽ ഈ നോമ്പ്  സമയത്തും അല്ലാത്ത സമയവും നമ്മൾ കഴിക്കുന്ന അല്ലെങ്കിൽ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിൽ മാറ്റം വരുത്തിയിട്ടുണ്ടോ?

 ഭക്ഷണം പാഴാക്കുന്നതിൽ ഗൾഫിൽ ജീവിക്കുന്നവർ മുൻപന്തിയിൽ ആണെന്നാണ്‌ എന്റെ പക്ഷം. ടണ്‍ കണക്കിന് ഭക്ഷണം ഓരോ ദിവസവും  അനാവശ്യമായി വേസ്റ്റ്‌ ബോക്സിലേക്ക് തള്ളുന്നുണ്ട്. മറ്റുള്ളവർ ചെയ്യുന്നത് തടയാൻ  കഴിഞ്ഞില്ലെങ്കിലും നമുക്ക് സ്വയമൊരു തീരുമാനം എടുത്തു കൂടെ ?ഭക്ഷണത്തിന്റെ വില മനസ്സിലാക്കാൻ നമുക്കൊരു ദുരന്തം വരേണ്ടതുണ്ടോ ? ഒന്ന് ചിന്തിക്കൂ സോദരാ..

                            ഒരു രാജ്യത്ത് കമിതാക്കൾ ഓർഡർ ചെയ്തത് കോഫിയും ഒരു  സ്നാക്സുമാണത്രേ. അവനെന്ത് പിശുക്കനാണെന്നു ചിന്തിച്ച നേരം മറ്റു ആളുകളും ഇത്പോലെ ചെറിയ തോതിലാണ് ഓർഡർ ചെയ്യുന്നതെന്ന് മനസ്സിലായി. ഈ വിദേശി  ഓർഡർ ചെയ്തതിൽ ബാക്കി വന്ന ഭക്ഷണം കണ്ട ഒരു സ്വദേശിക്ക് ഇതത്ര പിടിച്ചില്ല. സൗഹൃദരൂപേണ കാര്യം ഉണർത്തിച്ചു . എന്റെ കാശ് കൊണ്ടാണ് ഞാൻ വാങ്ങിച്ചത് എന്നാ വാക്കിനു മറുപടിയായി സ്വദേശി പോലീസിനെ വിളിക്കുകയും ഭക്ഷണം പാഴാക്കിയതിനു പിഴ ചുമത്തുകയും ചെയ്തു. കൂടെ ഇക്കാര്യവും ഉണർത്തി : കാശ്  നിങ്ങളുടെതാകും, പക്ഷെ ഭക്ഷണം മറ്റുള്ളവർക്ക്‌ കൂടി അവകാശപ്പെട്ടതാണ് ,അതിന്റെ      അധ്വാനം മറ്റുള്ളവരുടെത് കൂടിയാണ് .!(ഓർമയിൽ നിന്ന്)

                          നമ്മൾ നഷ്ട്ടപ്പെടുത്തുന്ന ഓരോ അരിമണിക്കും അദ്വാനത്തിന്റെ ഗന്ധമുണ്ട്,           അതിലുപരി അത് ലഭിക്കാത്തവന്റെ വേദനയുടെ നിലവിളിയുണ്ട്..