23/12/13

2013

ഒരു വർഷത്തിന്റെ അന്ത്യം ... തിരിച്ചു കിട്ടാത്ത ചിലതിൽ അതും പെടുത്താം,

ഈ നഷ്ട്ടം സംഭവിച്ചോ, അതോ നേട്ടം സംഭവിച്ചോ എന്നതൊക്കെ കുറച്ചു കഴിഞ്ഞേ പറയാനൊക്കൂ... എന്നാലും പ്രവാസത്തിന്റെ നോവ്‌ അനുഭവിച്ച വർഷം എന്ന് എനിക്കെഴുതാം....!

ആഗ്രഹിച്ചത് നേടിയില്ലെങ്കിലും ആഗ്രഹത്തിന്നു ചിറക് മുളപ്പിക്കാൻ കഴിഞ്ഞു, ഉയരത്തിൽ എത്തിയില്ലെങ്കിലും ഉയരത്തിൽ ചിന്തിക്കാൻ കഴിഞ്ഞു...അങ്ങിനെയൊക്കെയായി ഈ വർഷം കടന്നു പോയി.


23/10/13

പഠനം: ചില ഓർമ്മകൾ

പഠനകാലം എന്നും സന്തോഷത്തിന്റെ വസന്തകാലമായി ഓർമ്മിക്കാനാണെനിക്കിഷ്ട്ടം..! നിങ്ങൾക്കും അങ്ങിനെ തന്നെ ആയിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. അന്നത്തെ സൗഹൃദ മുഖങ്ങൾ ചിലത് ഗാഢമായി നിലകൊള്ളുന്നുണ്ട് ഇപ്പോഴും, ചിലതൊക്കെ വേരറ്റു പോയി..

മദ്റസ പഠനകാലത്തെ ഓർമകളും രസാവഹം തന്നെ..!മദ്രസ പഠനത്തിൽ സഹപാഠികൾ നാട്ടുകാർ തന്നെ ആകും എന്നതും സവിശേഷത ആണല്ലോ.. ഇടയ്ക്കിടെ കാണാനും സംസാരിക്കാനും ഒക്കെ കഴിയുന്ന കൂട്ടുകാരും ആ പരിസരവും ഇന്നും മനസ്സിൽ നിറഞ്ഞു നില്ക്കുന്നു...

ഞാൻ പഠിച്ച കാലത്തെ മദ്രസയും പള്ളിയും ഒക്കെ ഇന്നും എന്റെ മനസ്സിൽ ഇന്നത്തെതിലും മനോഹരമായി തെളിയുന്നു. ചില പള്ളികൾ പഴമ നിലനിർത്തി പുതുക്കിയത് കാണുമ്പോൾ തോന്നും "പഴമയുടെ പ്രൗഢിയെ വെല്ലാൻ ഇന്നത്തെ പുതുമക്ക് ആകില്ലെന്ന് "

നാട്ടിലെ എല്ലാവരെയും അറിയുന്ന ഉസ്താദുമാരും നാട്ടുകാരനായ ഉസ്താദും എല്ലാം ഞങ്ങൾക്ക് വിജ്ഞാനം പകർന്നു തന്നു. പാഠഭാഗങ്ങൾക്ക് പുറമെ ചരിത്രങ്ങളും,ചെറിയ കഥകളും തമാശകളും ഒക്കെയായി പഠനകാലം മുന്നോട്ട്.. അതിനിടക്ക് സഹപാഠികൾ ചിലർ കൊഴിഞ്ഞു പോയിട്ടുമുണ്ട്..

സ്വദർ ഉസ്താദിന്റെ പട്ടിക വരയ്ക്കുന്ന വടി അവിടെ പഠിച്ച എല്ലാവരുടെയും മനസ്സിൽ കാണും..! പഠിക്കാതെ വന്നാലും, കൂടെപ്പിറപ്പായ വികൃസ് കാണിച്ചാലുമൊക്കെ അടി കിട്ടും എന്നത് പ്രത്യേകം പറയേണ്ടല്ലോ ...

മുഫദ്ദിഷ് (പഠന നിലവാരം ചെക്ക് ചെയ്യാൻ വരുന്ന ആൾ ) വരുന്നതറിഞ്ഞാലും പൊതുപരീക്ഷ അടുത്താലും മനസ്സിൽ വല്ലാത്ത ആധി കയറും,പിന്നെ പൊതു പരീക്ഷയുടെ ഉസ്താദുമാരൊ മുഫദ്ദിശോ വന്നാൽ 'ആളെങ്ങിനെ ഉണ്ട് ' എന്നറിയാൻ ഒന്ന് പോയി നോക്കും..

റൈഞ്ചു യോഗം ഉണ്ടെങ്കിൽ ഇടക്കൊരു ലീവ് കിട്ടുമെന്നത് സന്തോഷം നൽകും . പിന്നെ ഞായറാഴ്ച്ചകളിൽ ഉണ്ടാകാറുള്ള സമാജം (കലാപരിപാടി ) പാട്ടും പ്രസംഗവുമൊക്കെയായി നീങ്ങും. സലാം പാടുന്ന 'പണ്ട് പണ്ട് പായക്കപ്പൽ' ഇപ്പോഴും മനസ്സിലൂടെ ഓളം തള്ളുന്നുണ്ട് ..

ക്ലാസ്സിൽ ഒരു ബക്കറ്റിൽ കുടിവെള്ളം ഉണ്ടാകും..  ഓരോ ബെഞ്ചിലുള്ളവർ മാറി മാറി വെള്ളം ബാവ ഉസ്താദിന്റെ വീട്ടിൽ പോയി നിറയ്ക്കണം. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒക്കെ അങ്ങിനെ വെള്ളം എടുക്കാനും കുടിക്കാനും ഒക്കെ പോകും... അടിച്ചു വാരൽ പെണ്‍കുട്ടികളുടെ ജോലി തന്നെ.. അല്ല അങ്ങിനെതന്നെ ആവണമല്ലോ.... അല്ലെ ?

ബെഞ്ചിൽ പേന കൊണ്ട് അടിപൊളിയായി (ആയില്ലെങ്കിലും ) അവനവന്റെ പേരെഴുതുന്ന സമയം (സ്കൂളിലും ഉണ്ടായിരുന്നു), പേരെഴുതി കഴിഞ്ഞ ശേഷമാണ് ഉസ്താദ് ഇത് കണ്ടത്. ആകെ കുടുങ്ങി, ഉസ്താദ് ഒരു ബ്ലേഡിന്റെ കഷണം തന്നിട്ട് പറഞ്ഞു : "അത് മുഴുവൻ ചുരണ്ടി പോക്കി വൃത്തിയാക്കണം"
     അതൊക്കെ ചുരണ്ടി വൃത്തിയാക്കി, അതിന്റെ പൊടി ഒരു പേപറിലും ആക്കി. പേപർ ബീഡി പോലെ ചുരുട്ടിയിട്ട് നിസാറിന്റെ കയ്യിലും കൊടുത്തു. അതിന്റെ ഉള്ളിലൂടെ അടുത്തിരിക്കുന്ന ഫൈസലിനോട് നോക്കാൻ പറഞ്ഞു . ഫൈസൽ നോക്കിയ നേരം നിസാറിനോട്‌ പൊടി ഊതാൻ പറഞ്ഞതും പൊടി മുഴുക്കെ അവന്റെ കണ്ണിലേക്ക് ...

ചെയ്തു കഴിഞ്ഞ ശേഷമാണ് വികൃതിയുടെ ഘനം മനസ്സിലായത് .,കണ്ണ്  തുറക്കാൻ പറ്റാത്ത സ്ഥിതി, ആകെ ചുവക്കുകയും ചെയ്തു. വെള്ളം കൊണ്ടൊക്കെ കഴുകി കുറച്ചൊക്കെ റെഡി ആയി. പിറ്റേന്ന് ഫൈസൽ ക്ലാസ്സിൽ വന്നപ്പോഴാണ് പറഞ്ഞത് ' രാവിലെ എണീറ്റപ്പോ പൊടി മുഴുവൻ കണ്ണിനു പുറത്ത് വന്നു ' എന്ന് ...ഹാവൂ സമാധാനമായി ...

നബിദിനം വരുന്നതോടു കൂടി മദ്രസ കലാവാസന കൊണ്ട് നിറയും, പരിപാടി കഴിഞ്ഞാൽ എല്ലാവർക്കും സമ്മാനവും കിട്ടും (അതാണല്ലോ ആവശ്യം)

      മദ്രസയിലെ പ്രോഗ്രാം കഴിഞ്ഞാൽ പിന്നെ റൈഞ്ചു തലത്തിലും സബ്ജില്ല, ജില്ല, അങ്ങിനെ മത്സരം നീളും.. ഈ ഞാനും പോയി അറബി പ്രസംഗം കൊണ്ട് അങ്ങിനെ ഒക്കെ പോയി നോക്കീട്ടുണ്ട്... ഞങ്ങൾ പോയി മദ്രസക്ക് ഒന്നാം സമ്മാനവും വാങ്ങി വന്നിട്ടുമുണ്ട്..

 ഒരു ദിവസം വെള്ളം കുടിക്കാൻ വേണ്ടി ഞാനും നിസാറും പിന്നെ നവാസും ഉസ്താദിന്റെ വീട്ടിലേക്ക് പോയി. പെണ്‍കുട്ടികൾ അവിടെ ക്ലാസ്സിലേക്ക് വേണ്ട വെള്ളം നിറക്കുന്നുണ്ട്. കയ്യിൽ 2 ലിറ്ററിന്റെ പെപ്സികുപ്പി ഉണ്ടായിരുന്നു (വെള്ളം നിറച്ചത് )..
ഇത് കണ്ട നവാസ് പറഞ്ഞു "ഇത് മുഴുവൻ ഞാൻ ഇപ്പൊ കുടിച്ചു തീര്ക്കും" ഇത് കേട്ട നിസാർ പറഞ്ഞു 'അത് കഴിയൂല'
പിന്നെ വാശിയായി, ഇത് കണ്ടു പെണ്‍കുട്ടികളും നോക്കി നിൽക്കുന്നുണ്ട് .. ..!
നവാസ് ബോട്ടിലിന്റെ മുക്കാലും കുടിച്ചു തീർത്തു. ഫുൾ തീർക്കാത്തതിന്റെ നിരാശ ബാക്കി..! വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചു വന്നത് കൊണ്ടാണ് കുടിക്കാൻ കഴിയാത്തതെന്ന് നവാസ് പറഞ്ഞു.. 
നാളെ മുഴുവനാക്കി കുടിക്കുമെന്നു നവാസ് ,നാളെ ഗോദയിൽ കാണാമെന്നു നിസാറും... 

പിറ്റേ ദിവസം നേരത്തെ ഞങ്ങളെത്തി, വെള്ളം കുടിക്കാനായി നേരെ ഉസ്താദിന്റെ വീട്ടിലേക്ക്... വെള്ളം കുടി തുടങ്ങി .. ഇന്ന് പക്ഷെ തലേ ദിവസത്തെ അത്രയും കുടിക്കാൻ നവാസിനു കഴിഞ്ഞില്ല.. ആകെ ക്ഷീണിച്ചു... എന്ത് പറ്റി എന്ന് മനസ്സിലായില്ല.. ബെറ്റിന്റെ സമയം തീര്ന്നു...!

സാവധാനം നവാസിനോട് കാര്യം അന്വേഷിച്ചപ്പോ ഞങ്ങൾ ഞെട്ടി..........!!!
.
.
.
"അവൻ വീട്ടിൽ നിന്നും പോരുമ്പോൾ വെള്ളം കുടിച്ചു പരീക്ഷണം നടത്തിയാണത്രെ പോന്നത് "

21/10/13

മണി ചെയിൻ

കീശയിൽ കാശാക്കാൻ അല്ലറചില്ലറ ജോലി ഒക്കെ ചെയ്തു നോക്കി..നോ രക്ഷ..! നേരം ഇരുട്ടിയാലും ജോലി തീരില്ലെങ്കിലും കൂലി കുറവായതിൽ ആകെ മടുപ്പ്.. അല്ലേലും അങ്ങിനെ തന്നെ അല്ലെ..? വലിയതിലേക്ക് ആണല്ലോ കണ്ണ് ഉണ്ടാകുക...!

വട്ടചെലവിനു കാശോപ്പിക്കാൻ പെടാപാട് പെടുമ്പോൾ തലയിൽ ബൾബ്‌ കത്തിച്ചത് നമ്മടെ കുടുംബക്കാരൻ തന്നെ ... ആ കത്തിയ ബൾബിന്റെ വെളിച്ചത്തിൽ കണ്ണ് പോലും ചൂളിപ്പോയി.. അതെന്താന്നല്ലേ ..പറയാം

നിന്റെ താഴെ ഒരാളെ പിടിക്ക്യ ... പിന്നെ അയാളെ താഴെ വേറൊരാളെ പിടിക്ക്യ ....." ഹോ ഇങ്ങനെ ആളെ പിടിക്കണ പണി തന്നെ . എന്നാ ആളെ പിടിക്കണംന്നു നിർബന്ധം ഇല്ലതാനും..! അവർ തരുന്ന സാധന സാമഗ്രികൾ വിറ്റാൽ മതി ... കാര്യം നിങ്ങൾക്ക് മനസ്സിലായില്ലേ ..അതന്നെ മണിചെയിൻ മാർകെറ്റിങ്ങ് .

ആദ്യം ക്ലാസ്സ്‌ കേട്ടു .ഉഗ്രൻ ബിസിനെസ്സ്‌ ആണെന്ന് തോന്നത്തക്ക വിധം ക്ലാസ്സ്‌ നടന്നു..സിമ്പിൾ പരിപാടി ആണെന്ന് തോന്നും വിധം ക്ലാസ്സ്‌ അവസാനിച്ചു .

അങ്ങിനെ ആ പരിപാടിയിൽ ഈ ഞമ്മളും കണ്ണിയായി .. എന്റെ കയ്യിൽ പൈസ ഇല്ലാത്തോണ്ട് ചേർത്തിയ ആള് തന്നെ പകുതി പണം എടുത്തു (ചേരാൻ).പകുതി പൈസ പെങ്ങളെ കയ്യിൽ നിന്നും വാങ്ങിച്ചു .കൂടാതെ നാളത്തെ പൈസക്കാരൻ എന്നെ ഭാവേന പറഞ്ഞു :പേടിക്കേണ്ട 2 മാസം കൊണ്ട് ഒക്കെ പച്ച പിടിക്കും "

കൊടുത്ത കാശിനു കിട്ടിയ പേസ്റ്റും സോപ്പും തുടങ്ങിയ സകലമാന സാധനങ്ങളും പല സ്ഥലങ്ങളിലും കൊടുക്കാൻ പോയപ്പോ തന്നെ ഗുലുമാൽ പിടിച്ചു എന്ന് മനസ്സിലായി .
അതിന്നിടെ പെങ്ങള്ക്ക് കൈ വേദന വന്നപ്പോ ഒരു ഡോക്ടറുടെ അടുക്കൽ പോയി .. അവിടെ നിന്നും ഡോക്ടർ കൊടുത്ത മരുന്നിൽ ഒന്ന് ഈ കമ്പനിയുടെ മരുന്നാണ്.(ഡാകിട്ടരും ഇതിലെ കണ്ണിയാണെന്ന് വൈകാതെ മനസ്സിലായി )പിന്നെ നമ്മൾ നേരിട്ട് മരുന്ന് വാങ്ങിച്ചു 20 ശതമാനം ലാഭം നേടി.
അതിനിടെ കൂടെ പഠിക്കുന്ന സുഹൃത്ത് അവന്റെ ഉപ്പാക്ക് ഇതിലെ മരുന്ന് പരീക്ഷിക്കാൻ വേണ്ടി ഈ കണ്ണിയിൽ കൂടി . അത് എന്റെ താഴെ....അവന്ന് വലിയ താല്പര്യം ഉണ്ടായിരുന്നു ഈ ബിസിനെസ്സിൽ..

അതിനിടയിൽ ഏറണാകുളം വെച്ച് കമ്പനിയുടെ കൊമ്പന്മാരെയും വമ്പൻമാരെയും ആദരിക്കുന്ന പരിപാടി ഉണ്ടെന്നറിഞ്ഞ് ഞാനും സുഹൃത്തും ടീം ഏൽപിച്ച ബസ്സിൽ കൂടെ പോയി . പരിപാടി ഗംഭീരം..!
അന്ന് അവിടെ പറഞ്ഞ കാര്യം ഇടയ്ക്കിടെ സുഹൃത്ത് പറയും "ബിസിനെസ്സ് ഉഷാരാക്കിയാൽ ക്വലാലംപൂരിലേക്ക് ടൂർ ഉണ്ട്,ഗോൾഡ്‌ മെഡലുണ്ട്.........ഒലക്കേടെ മൂട് ....ഹും "

ചിലരുടെ കുബുദ്ധി കാരണം ചെയിൻ പൊട്ടിതുടങ്ങി. ചിലരെ പൊട്ടിക്കുകയും ചെയ്തു.... എന്നാ ചെയ്യാനാ മണി ചെയിനിൽ മണി ഇല്ലാതെ ഈ ഞാനും എന്റെ കൂട്ടുകാരനും ....!

11/8/13

സ്വാതന്ത്ര്യ ദിനാശംസകൾ

രക്ത രൂക്ഷിത യുദ്ധങ്ങളിലൂടെയും അഹിംസ നിറഞ്ഞ സമര രീതികളുടെയും ഫലമായി ഭാരത മണ്ണിനെ സ്വതന്ത്ര ഭൂമിയാക്കാൻ പ്രയത്നിച്ച ഓരോ നേതാക്കളെയും നമ്മൾ ഒരിക്കൽ കൂടി ഓർമിക്കുന്നു ..... 

         നേടിയെടുത്ത സ്വാതന്ത്ര്യം  നമ്മുടെ കൈകളിൽ എത്തിയിരിക്കുന്നു .... സൂക്ഷിക്കാം നമുക്ക് വരും തലമുറക്കായ് ....

6/8/13

ഒരു 'പ്ര'ശ്നം.....!

പ്രശ്നങ്ങളും പ്രയാസങ്ങളും തളർത്തുമ്പോൾ പ്രതീക്ഷയോടെയും പ്രത്യാശയോടെയും തിരഞ്ഞെടുക്കുന്ന പ്രവാസ ജീവിതം അപ്രതീക്ഷിതമായി മറ്റുള്ളവരിലും പ്രചോദനമാകാരുണ്ട്...


എന്നാൽ പ്രകടമായ മാറ്റങ്ങൾ വരുന്ന പ്രവാസിയുടെ ജീവിതത്തിൽ ഇൻറർ നെറ്റ് മുഖേന പ്രിയപ്പെട്ട പ്രിയതമക്കും അതിലേറെ പ്രിയങ്കരമാം മാതാ-പിതാക്കൾക്കും പ്രിയത്തോടെ എഴുതിയിരുന്ന "കത്ത്" ഇന്നു കത്തുപാട്ടിൽ മാത്രം ഒതുങ്ങിപ്പോയി .
-------------------------------------------------------------------------------------------------------------------------

പ്രസ്തുത അവസരത്തിൽ രേഖപ്പെടുതാനുള്ളത് പ്രാദേശിക വാർത്തകളും പ്രവർത്തനങ്ങളും, പ്രമാദമായ പ്രഖ്യാപനങ്ങളും, പ്രകടനങ്ങളുമെല്ലാം തദവസരം കാണുന്നതിനും, നാട്ടിലുള്ള പ്രതീതി ഉളവാക്കുന്നതിന്നും ഇൻറർനെറ്റും മീഡിയകളും പ്രധാന പങ്കു വഹിക്കുന്നു എന്നതാണ്.

നേരായ ദിശയിൽ നിന്നു മാറി തെറ്റിലേക്ക് പ്രേരിപ്പിക്കുന്ന പ്രേരിത പ്രവർത്തനങ്ങളും, മറ്റുള്ളവരെ ചിരിപ്പിക്കാനും പ്രീതിപ്പെടുത്താനുമുള്ള അപ്രസക്ത പ്രവണതയും, അപ്രായോഗിക ചിന്താഗതിയും, പ്രസ്ഥാനത്തിൻ പ്രബോധനമെന്ന പേരിലുള്ള വിഴുപ്പലക്കലുമൊക്കെ  ഒരു പ്രമാണവുമില്ലാതെ തന്നെ അടിവരയിടേണ്ടതും പ്രഹസനവുമാണ് ....

എന്നാലും പ്രതീക്ഷയുണ്ട് ഭാവിയെ കുറിച്ച് .......

ഇതിലെ "പ്ര" അതിലേറെ പ്രശ്നനമാക്കുന്നുണ്ടോ ...? 

4/8/13

"അനുഭവ സാക്ഷ്യം ഈ സ്നേഹം "

ജീവിത നൗകയിൽ കയറിയ അന്നു മുതൽ സ്നേഹത്തിൻറെ ചൂടു കിട്ടുന്നത് മാതാ-പിതാക്കളിൽ നിന്നായിരിക്കുമല്ലോ, സ്നേഹം എന്ന വാക്കു ഉച്ചരിക്കുമ്പോൾ തന്നെ അവരെ ഓർക്കാതെ മുന്നോട്ടു പോകാൻ ഒക്കില്ല .... സ്നെഹമെന്തെന്നു  അറിയുന്നത് തന്നെ അവിടെ നിന്നാണല്ലോ.... നാം മനസ്സിലാക്കുന്നതിന്നു മുമ്പു തന്നെ നമ്മെ സ്നേഹിച്ചു തുടങ്ങിയ ആ സ്നേഹ ഉറവിടങ്ങൾ നാം മനസ്സിലാക്കാതെ പൊയ്ക്കൂടാ ......
ഈയൊരു വാക്കിൽ മാതാ-പിതാക്കളുടെ സ്ഥാനം പറയുമ്പോ 'മാതാവ്' എന്ന വാക്ക് മുന്നിൽ നില്ക്കുന്നു. മാതാവിൽ നിന്നും ലഭിക്കുന്ന സ്നേഹവും അതിലേറെ കരുതലും വാത്സല്യവും മുൻനിർത്തിയാകുമോ ഇങ്ങനെയൊരു പ്രയോഗം ഉണ്ടായത്.. ?
നമുക്കൊരു പനി വന്നാൽ നമുക്കുണ്ടാകുന്നതിനെക്കാൾ പ്രയാസം ആ മാതാവിന്നായിരിക്കും. അതൊന്നു സുഖപ്പെടാനും അന്നേരമുണ്ടാകുന്ന ക്ഷീണം ഒഴിവാക്കാനും നടത്തുന്ന അശ്രാന്ത പരിശ്രമം മാതാവല്ലാതെ ആരു നടത്തും?,
 കുട്ടിക്കാലത്തു കാലിലൊരു മുള്ള് കൊണ്ടാൽ അതെടുത്തു കിട്ടാൻ ആദ്യം ചെല്ലുന്നതും ഉമ്മാന്റെ അടുത്തേക്ക് തന്നെയായിരിക്കും. നമുക്കധികം വേദനിക്കാതെ ആ മുള്ള് എടുത്തു തരാൻ സാധിക്കുന്നതു ആ മാതാവിന്നായിരിക്കും എന്ന വിശ്വാസം തന്നെയാണ് അവിടേക്ക് ചെല്ലാൻ പ്രേരിപ്പിക്കുന്നത് ...
ആ ഒരു സ്നേഹത്തെ അളന്നു നോക്കാൻ വല്ല ഉപകരണവും നിർമിക്കുകയാണെങ്കിൽ  അതിൽ അനന്തമായ യൂണിറ്റ് മാത്രമേ രേഖപ്പെടുത്താനൊക്കൂ...
നമ്മുടെ സന്തോഷത്തിലും ദു:ഖത്തിലും കളങ്കമില്ലാതെ ചേരുന്ന മാതൃഹൃദയം കാണാതെ പോകുന്ന മക്കൾ ഇന്ന് അധികരിക്കുന്നുവോ ?
മക്കളുടെ ഭാവി സുന്ദരമാക്കാൻ ചൂടും തണുപ്പും സഹിച്ചു രാവും പകലുമില്ലാതെ പണിയെടുത്ത് പോറ്റിവളർത്തിയ പിതാവിനെയും മനസ്സിലാക്കാത്ത ന്യൂ ജനറേഷൻ രൂപപ്പെടുന്നുവോ ?

ആത്മ ശാന്തി കിട്ടാത്ത ആത്മാവ് പോലെ അലഞ്ഞു നടന്നു ലോകത്തിൻറെ തിന്മകളെ മാത്രം കണ്ടു പഠിച്ചു അക്രമവും അനീതിയും മാത്രം നടമാടാൻ ചട്ടം കെട്ടുന്ന കിരാത മനസ്സ് രൂപപ്പെടുന്നത് എങ്ങിനെയാണ് ?. ഭവനങ്ങളിലെ അശാന്തിയും, പണമോഹവും, മതമൂല്യം നഷ്ട്ടപ്പെടുത്തി ജീവിതം നയിക്കുന്നതും മക്കളിൽ ക്രൂര മനസ്സ് മൊട്ടിടുന്നതിന്നു കാരണമാകുന്നു..
അച്ഛനേത് അമ്മയേത് മകളേത് സഹോദരനേതു  എന്നു പോലും തിരിച്ചറിയാത്ത അസന്തുലിത പ്രവർത്തനം നടമാടുന്നു, പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവർ മൂല്യം പോയിട്ട് ബന്ധം പോലും മറക്കാൻ തുടങ്ങിയിരിക്കുന്നു..
തൻറെ കുഞ്ഞിളം പൈതങ്ങളെയും സഹധർമിണിയെയും കൊന്നവനും, പിഞ്ചു കുഞ്ഞുങ്ങളെ പോലും പിച്ചിച്ചീന്തുന്ന കാട്ടാള ഹൃദയരും, മക്കളോട് സ്നേഹമില്ലാത്ത രക്ഷിതാക്കളും,എന്തിനേറെ കുഞ്ഞിനെ ജീവനോടെ കുഴിച്ചു മൂടിയ വാർത്ത‍ വരെ ഇന്ന് ദിനേന വായിക്കുന്നു, പത്രത്താളുകൾ പോലും നേരാംവണ്ണം മറിച്ചു നോക്കാൻ പറ്റാത്ത വിധം വാർത്തകൾ നിറയുന്നു ....
പകൽ വെളിച്ചത്തിൽ മാന്യതയുടെ കപടമുഖം ധരിച്ചു ചെറു പഴുതുകൾ കിട്ടുമ്പോൾ കഠിന ഹൃദയരാകുന്ന കാഴ്ച ദിവസം തോറും വർദ്ധിക്കുന്നു..!
ഇനിയൊരു അധർമ്മ വാർത്ത കേട്ടു കൂടാ...ഒരു മാറ്റതിന്നായി പ്രയത്നിക്കാം...
നന്മകൾ പഠിപ്പിക്കാം....നമുക്ക് ....സ്നേഹം കൊയ്തെടുക്കാം 

3/8/13

ഈ റംസാനും ...

 ഉമ്മയുടെ വിളി കേട്ടുണരുന്ന അത്താഴം ഇപ്രാവശ്യം അലാറം ഏറ്റെടുത്തു, ഉമ്മ വിളിക്കുമ്പോൾ വീണ്ടും മൂടിപ്പുതച്ചു കിടക്കുന്നത്  ഉണരും വരെ ഉമ്മ വിളിക്കും എന്ന ഉറപ്പ് തന്നെയായിരുന്നു...! ഇന്ന് അലാറം അടിക്കുമ്പോഴേക്കും എണീറ്റില്ലെങ്കിൽ അന്നു അത്താഴം പോയിട്ട് സുബഹി പോലും കിട്ടൂല ....

വീട്ടിൽ നിന്നും കിട്ടിയ പത്തിരിയുടെ രുചി ഇപ്പോഴാണു തീർത്തും ബോധ്യമായത് .. ഇവിടെ ഹോട്ടലിൽ നിന്നും നൈസ് പത്തിരി കഴിച്ചെങ്കിലും ഉമ്മ ഉണ്ടാക്കിതരുന്ന കോഴിക്കറിയുടെയും പത്തിരിയുടെയും കോമ്പിനേഷൻ എവിടെചെന്നാലും കിട്ടുമെന്ന് തോന്നുന്നില്ല ....!
നോമ്പ് പിറക്കുമ്പോൾ നാട്ടിൽ സുലഭമായി ഉണ്ടാക്കുന്ന തരിക്കഞ്ഞി കിട്ടിയില്ല എന്നത് ഓർമയിലുണ്ട് .. ഇന്നിവിടെ എന്തു കിട്ടിയാലും ഒരു കുഴപ്പവുമില്ലാത്ത വിധം കഴിക്കുന്ന രീതി നമ്മളും സ്വായത്തമാക്കി.... പഴം പൊരിയും,ബ്രഡ്പൊരിയും സമൂസയും ഒക്കെ വീട്ടിൽ ചെന്നിട്ടെ സ്വാദോടെ കഴിക്കാനൊക്കൂ.. 
ഇതൊന്നും കിട്ടിയില്ലേലും വേണ്ടില്ല , നിസ്കാരം കഴിഞ്ഞു ചായ കുടിക്കുമ്പോൾ പത്തിരിയുടെ കൂടെ കപ്പകൂട്ടാനോ,പച്ചക്കായ കൂട്ടാനോ ഉണ്ടാകും. ആ ഒരു ഓർമ മതി ഇപ്പൊ തന്നെ കുറച്ചധികം തിന്നാൻ .......




പിന്നെ തറാവീഹിനു നാട്ടിൽ ഇരുപതു റക്അത്ത് നിസ്കരിച്ചപ്പോൾ ഇവിടെ പള്ളിയിൽ എട്ട് മാത്രമേ കിട്ടുന്നുള്ളൂ ..മക്കയിലും മദീനയിലും ഇരുപത് ഉണ്ടെന്നു കേട്ടു !

വിത്റിലെ ഖുനൂത് ആദ്യ പത്തിൽ തന്നെ തുടങ്ങിയിരുന്നു...ദീർഘ നേരം ഖുനൂത് ഉണ്ടാകും. (നിസ്കാരത്തിനു ശേഷം പിന്നെ ഒരു ദുആ ഉണ്ടാകാറില്ല.)
പ്രത്യേകം ടെൻറ് (കൈമ) കെട്ടി നോമ്പ് തുറക്ക് ഉൽസാഹം കാണിക്കുന്ന അറബികളുടെ മനസ്സിനെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല.. നോമ്പ് തുറക്കാനുള്ള സാധനങ്ങൾ ഓരോ വീട്ടിൽ നിന്നും കൊണ്ടു വരുന്നതും അതിനു വേണ്ടി പ്രയത്നിക്കുന്നതും എല്ലാം നോമ്പു തുറയുടെ പ്രാധാന്യം മനസ്സിലാക്കാൻ ഏറെ പ്രയോജനകരം ....

ഭക്ഷണം ഒരു പാത്രത്തിൽ നിന്നും കഴിക്കുന്ന രീതി നന്നെ ഇഷ്ട്ടപ്പെട്ടു, അത് സാഹോദര്യത്തിന്റെ മഹിതാശയം വിളിച്ചോതുന്നു...

ഇരുപത്തിഎഴാം രാവിനു മധുരം ഉണ്ടാക്കുന്നതും പള്ളിയിലെ  പ്രത്യേക ദുആ മജലിസും നമ്മിൽ നിന്നും വിട ചൊല്ലിയവർക്ക് വേണ്ടിയുള്ള ദുആകളും രാത്രി മുഴുവൻ ഇഹ്തികാഫും പുണ്യങ്ങളുടെ വസന്തകാലം നിറവുറ്റതാക്കുന്നു .....


റമളാനിൽ പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നവരിൽ  الله നമ്മെയും ഉൾപെടുത്തുമാറാകട്ടെ ..آمين 

1/8/13

الله أكبر الله أكبر ..............الحمد

ഏവർക്കും ഈദുൽ ഫിത്ർ ആശംസകൾ
الله أكبر الله أكبر ..............الحمد 

ഒരു മാസക്കാലത്തെ വ്രതാനുഷ്ട്ടാനം ശരീരത്തിനും അതിലേറെ ഹൃദയത്തിനും നല്കിയ വിശുദ്ധിയെ  പൂർണ്ണതയിലെത്തിക്കാൻ ,  മുസൽമാന്റെ സമ്പത്ത് ശുദ്ധീകരിക്കാനായി സകാത്തും, ശരീരത്തെ ശുദ്ധീകരിക്കനായി ഫിത്റും നല്കി പൂർണ്ണമായും പാപമുക്തി നേടിയ മുസൽമാന്റെ ഹൃദയതിനു കുളിരു പകരുന്ന ശവ്വാൽ വരവായി ........ 
ലൈലത്തുൽ ഖദ്റിന്റെ രാവിനെ കിട്ടിയ വിശ്വാസിയുടെ മൂല്യം ആയിരം മാസത്തെ നന്മകൾ ഒരൊറ്റ രാതി കൊണ്ട് ചെയ്തവനത്രെ.........
ഫർളുകൾക്ക് പുറമേ സുന്നത്തിനെ അധികരിപ്പിച്ചും ഖുർആൻ പാരായണം ചെയ്തും നന്മകൾ അധികരിപ്പിച്ചും പൂർണ്ണതയോടെ റമളാനിനെ സ്വീകരിച്ചവൻ വിജയിച്ചു .....

ചെയ്ത നന്മകൾ ഈ ഒരു മാസത്തിൽ മാത്രം ആക്കാതെ വരും മാസങ്ങളിലും മടി കൂടാതെ ചെയ്യാനുള്ള ദൃഢമായ മനസ്സ് നേടിയെടുക്കുക ............
ഏവർക്കും പെരുന്നാൾ ആശംസകൾ 

31/7/13

പെരുന്നാൾ റൂട്ട് .....!


                    പെരുന്നാളിന്നു ആർഭാടമായി ഡ്രെസ്സും ചെരിപ്പും മറ്റു സാധനങ്ങളും എടുക്കുന്ന രീതിയൊന്നും വീട്ടിൽ ഉണ്ടായിരുന്നില്ല. വാങ്ങുമ്പോൾ  ഒരു വിധം നല്ലതു തന്നെ വാങ്ങും... !  ചെറുപ്പത്തിൽ ഇക്കാകയ്ക്കും എനിക്കും ഒരു പോലെയുള്ള ഡ്രസ്സ്‌ വാങ്ങുന്നത് എനിക്ക്ത്ര ഇഷ്ട്ടമൊന്നും ആയിരുന്നില്ല . പിന്നീട് വെവ്വേറെ തന്നെ എടുക്കാൻ തുടങ്ങിയിരുന്നു. 
എല്ലാ പെരുന്നാളിനൊന്നും ഡ്രസ്സ്‌ എടുക്കൂല ... ചെറിയ പെരുന്നാളിന് എടുത്താൽ പിന്നെ ബലിപെരുന്നാളിനു എടുക്കില്ല എന്നതായിരുന്നു സിസ്റ്റം, ചെറിയ പെരുന്നാളിനുള്ളതു തന്നെ ആയിരിക്കും ബലിപെരുന്നാളിനും ....!നോമ്പിനു മുമ്പ് വല്ല കല്യാണത്തിനും ഡ്രസ്സ്‌ വാങ്ങിയോ എന്നാൽ പെരുന്നാളിനു സ്വാഹ ....


സ്കൂളിലെക്കുള്ള യൂനിഫോം ആക്കി വെള്ള ഷർട്ടും നീല പാൻറും വാങ്ങിയ പെരുന്നാളും ഓർമയിൽ ഉണ്ട്.(ഒരു വെടിക്ക് രണ്ടു പക്ഷി കിട്ടിയ സംതൃപ്തി )


          ഒരു പെരുന്നാളിന് ദുബായ് ഷർട്ട് (ചുകപ്പും മഞ്ഞയും മിക്സ്‌ ആയിട്ടുള്ള മോഡൽ ) വാങ്ങിയതു മുതൽ ഫാഷൻ ഡ്രസ്സ്‌ ഉപയോഗിക്കാനുള്ള മടി തുടങ്ങി. ആ ഷർട്ട് ആകെ രണ്ടു പ്രാവശ്യമേ ഇടാൻ കഴിഞ്ഞുള്ളൂ ,അപ്പോഴേക്കും ഫാഷൻ പോയി , കൂടെ നമ്മളെ കാശും പോയി .....! 


               പിന്നീടു ഫാഷൻ നോക്കി നടന്നില്ലെങ്കിലും ഇറക്കം കുറവ് വന്നതിനാലും ഇറുക്കം കൂടിയതാലും ഷർട്ടും പാൻസും അധികം ഉപയോഗിക്കാൻ കഴിയാതെ പോയിട്ടുണ്ട്..ലൈറ്റ് കളർ ഷർട്ട് എടുക്കാൻ നോക്കിയ ഉപ്പയോട്‌ 'ചെളിയാകും വേഗം' എന്ന് പറഞ്ഞപ്പോ അതു കേട്ട സെയിൽസ് മാൻ എന്നോട് ചോദിച്ചു : കുളിയും നനയും ഒക്കെ ഉള്ള കൂട്ടത്തിൽ അല്ലല്ലേ ....." എന്ന് .തൽകാലം ചമ്മിയ ചിരി പാസാക്കി വേറെ ഷർട്ട് എടുത്തു പോന്നു ,
           ഡാർക്ക്‌ ആയുള്ളവ ഞാൻ എടുക്കുമ്പോ ജ്യേഷ്ട്ടൻ ലൈറ്റ് കളർ ആകും എടുക്കുക, അതിനാൽ തന്നെ പെങ്ങളുടെ കൂടെ സാധനം വാങ്ങാൻ പോയാൽ പറയും ( ഞാൻ ലൈറ്റ് കളർ എടുക്കാൻ നോക്കിയാൽ )..... അത് ഇക്കാന്റെ ഷർട്ട്‌ മോഡൽ ആണല്ലോ എന്ന്...

ചാലിയത്തു നിന്നും ഫൗസാൻ എടുത്ത ഫോട്ടോ 
                     പെരുന്നളിന്നു പത്തു പതിനഞ്ചു ദിവസം മുമ്പ് തന്നെ തയ്പിക്കാൻ ഉള്ളവ എടുക്കേണ്ടി വന്ന കാലം മറക്കാനുള്ള സമയമൊന്നും ആയിട്ടില്ല  ,ഇപ്പൊ രണ്ടു ദിവസം മുമ്പോ തലേന്ന് രാത്രിയോ എടുക്കുന്ന വിധത്തിൽ കാലം മാറി, കൂടെ ഡ്രെസ്സിന്റെ കോലവും മാറി .... .

                ഒരു പെരുന്നാളിന്നു ബീച്ചിൽ പോയി, ഞാനും മൂത്താപ്പാന്റെ മോനും കൂടെ. കയ്യിൽ ഒരു കുടയും കരുതിയിരുന്നു . കുറച്ചു നേരം അവിടെയൊക്കെ നടന്നതും കാർമേഘങ്ങൾ നിറഞ്ഞതും ഒരേ വേഗതയിലായിരുന്നു , മഴ നന്നായി പെയ്യാൻ തുടങ്ങി , കൂടെ നല്ല കാറ്റും , കുട തുറന്നതും കാറ്റിന്റെ ശക്തിയിൽ കുടയുടെ ഇല്ലി മുഴുവൻ വളഞ്ഞതും കുളിരുള്ള ഓർമ തന്നെയാണ് . നനഞ്ഞു എന്ന് പ്രത്യേകം പറയേണ്ടല്ലോ ..... മഴ മുഴുവൻ കൊണ്ട് വയനാട് പോയത് മറക്കാവതല്ല ,, വയനാടൊക്കെ അടുത്തേക്ക് ആക്കിയാൽ നന്നായിരുന്നു എന്ന് തോന്നിയ നേരമായിരുന്നു അത് ....!

                കോരിചൊരിയുന്ന മഴയത്ത് തേങ്ങാചോറും ബീഫും നല്ല കോമ്പിനേഷൻ ആയിരുന്നു , പതിയെപ്പതിയെ തേങ്ങാചോറ് മറക്കാൻ തുടങ്ങിയതിൽ നെയ്‌ചോറ് അരങ്ങു വാണതും പിന്നീട് ബിരിയാണിയിലേക്ക് ചാടിയതും നമ്മുടെ ജീവിത ഉയർച്ചയും, നമ്മുടെ ആരോഗ്യ താഴ്ച്ചയും കാണിക്കുന്നു....


                പെരുന്നാളിന് സാധാചോറും പച്ചക്കറികളും അധികമാരും ഉപയോഗിക്കുന്നില്ല....! പെട്ടെന്ന് ചീർത്ത കോഴി തിന്നു ബ്രോയിലറിനെപ്പോൽ നടക്കാൻ കഴിയാത്ത വിധമായി മനുഷ്യനും...

              അധികവും പാറമ്മൽ സൈദലവിക്കാന്റെ വീട്ടിൽ നിന്നും പായസം കുടി  ഉത്ഘാടനം നടക്കും..  പിന്നെ ഒരു മാസത്തെ റെസ്റ്റ് മുഴുവൻ അവതാളത്തിലാകും...കയറുന്ന വീട്ടിൽ നിന്നൊക്കെ കുറച്ചായാലും കഴിക്കാതെ പോരാൻ കഴിയുകയുമില്ലല്ലോ....
കുറച്ചു വീട്ടിലൊക്കെ കയറി വിവിധ പായസങ്ങൾ കുടിച്ച് വീട്ടിൽ ചെന്ന് ബിരിയാണിചെമ്പ് തുറക്കാനുള്ള ഒരുക്കത്തിലാകും.... ഭക്ഷണവും കഴിച്ചു ദൂരെ പോകാൻ ഉണ്ടെങ്കിൽ അങ്ങോട്ട്‌ യാത്രയാകും ....!

               ഇനി ഒരു സ്ഥലം വരെ പോകണം , അത് കൊണ്ട് നിങ്ങൾക്ക് ഈദ്‌ ആശംസകൾ നേർന്നു കൊണ്ട് വിരാമം .......................

ഈദ്‌ മുബാറക് ...

അനുഗ്രഹത്തിൻ തേനരുവിയും കരുണയുടെ പാൽകടലും പാപമോചനത്താലും നരകമോചനത്താലും ഊഷ്മള സൗന്ദര്യം നുകർന്ന അനിർവചനീയമായ റമദാൻ നമ്മിൽ നിന്നും വിട ചൊല്ലുന്നു ........
                         കുഞ്ഞിളം മനസ്സുകളിൽ ഉല്ലാസത്തിന്റെ തിരിനാളം പുതു വസ്ത്രം ലഭിക്കുന്നതോടെ ജ്വലിക്കുകയായി . ചെറു കൈകളിലും മൈലാഞ്ചിയുടെ ചുകപ്പു രാശി പകരാൻ വെമ്പൽ കൊള്ളുന്നു ...
       കാർമേഘങ്ങൾ മൂടിക്കെട്ടിയ അന്തരീക്ഷം ശവ്വാലിന്റെ അമ്പിളിയെ മറക്കുന്ന സമയം  വിശ്വാസിയുടെ മനസ്സിൽ മുപ്പതു  നോമ്പ് തികച്ചതിൽ ആനന്ദം കൂടുന്നു ....
         പള്ളികളിലെ മിനാരങ്ങളിൽ നിന്നുയരുന്ന തക്ബീർ ധ്വനികളുടെ പ്രകീർത്തനങ്ങൾ പെരുന്നാളിന്നു മാറ്റ് കൂട്ടുന്നു ... കുടുംബ ബന്ധങ്ങൾ ഒന്നുകൂടി പുതുക്കുന്നതിലും പരസ്പര ആശീർവാദതാലും പുതുവസന്തം തളിരിടുന്നു .....
            ഒരു മാസത്തെ പ്രയത്നങ്ങൾ ഒരു ദിവസം കൊണ്ട് തന്നെ മലീമസമാക്കുന്ന പ്രവർത്തനങ്ങൾ നടത്താതെ ഈ ദിവസത്തിലും നന്മയുടെ വാതായനങ്ങൾ തുറക്കാൻ ശ്രദ്ധിക്കുക....

 ഏവർക്കും ഈദ്‌ ആശംസകൾ.....


 ഈദ്‌ മുബാറക് 

30/7/13

ചിത്രം പകർത്തുന്നതിലൂടെ ......

കുട്ടിക്കാലത്ത് തന്നെ ക്യാമറയെ കയ്യിലൊതുക്കണം എന്നുണ്ടായിരുന്നു, (ഇപ്പോഴും അത് സാധ്യമായില്ല കേട്ടോ )
ക്യാമറയുടെ ഫ്ലാഷ് ലൈറ്റ് കാണുമ്പോൾ വിടർത്തിയ കണ്ണുകൾ അടഞ്ഞു പോയതും, ഇത്തിരി വെട്ടത്തിൽ ഫ്ലാഷ് ഇല്ലാത്ത ക്യാമറയിൽ ചിത്രം പകർത്തിയപ്പോൾ ആ ചിത്രത്തിന്റെ കോലം കണ്ടു ചിരിച്ചതും ചിലപ്പോൾ നിങ്ങൾക്കും അനുഭവം ഉണ്ടായേക്കാം ....
ആദ്യമൊക്കെ അത്യാവശ്യത്തിനു ഫോട്ടോ കിട്ടേണ്ടതായി വന്നാൽ ആകെ കുടുങ്ങിയത് തന്നെ...! ഫോട്ടോ കിട്ടാൻ ഒരു ദിവസം എന്തായാലും ആകും..അത്  ബ്ലാക്ക്‌& വൈറ്റ് ഫോട്ടോയും ആയിരിക്കും . കാലം മാറി അതിലേറെ കോലങ്ങളും ഒരുപാടു മാറി .....!
ആവശ്യത്തിനും അനാവശ്യത്തിനും അത്യാവശ്യത്തിനും ഫോട്ടോ എടുക്കുന്ന കാലം വന്നെത്തി . മുമ്പത്തെ വലിയ ക്യാമറയിൽ നിന്നും ഇന്നത്തെ കുഞ്ഞൻ ക്യാമറയിലേക്കുള്ള മാറ്റം ഒരു കണക്കിന് സ്വകാര്യത നഷ്ട്ടപ്പെടുന്നത്തിലേക്ക് വരെ എത്തപ്പെട്ടിരിക്കുന്നു . പേനയും വാച്ചും മോതിരവും വരെ ക്യാമറയാകുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നു , സൗകര്യങ്ങൾ ദുരുപയോഗം ചെയ്യുന്ന ഇക്കാലത്ത് അപകടങ്ങളിൽ പെട്ടവരെ രക്ഷപ്പെടുത്തേണ്ട സാഹര്യങ്ങളിൽ പോലും പിടയുന്ന ജീവനെ ശ്രദ്ധിക്കാതെ ചിത്രം പകര്ത്തുന്ന റിപ്പോർട്ടുകളും കുറവല്ല.
ഫോട്ടോ എടുക്കുന്നത്തിൽ എനിക്കും താല്പര്യം തന്നെയാണ് , സദസ്സിൽ നിന്നും എണീറ്റ് നിന്ന് ഫോട്ടോ എടുക്കുന്നതിൽ ചമ്മൽ ഉള്ളതിനാൽ പരിപാടിയുടെ ഫോട്ടോയൊന്നും  ഫോക്കസ് ചെയ്തു എടുക്കാനൊന്നും കഴിഞ്ഞിട്ടില്ല , 

ആദ്യമൊക്കെ കല്യാണത്തിന് ഫോട്ടോ എടുക്കുന്നതായിരുന്നു കണ്ടത്. പിന്നെ അത് വീഡിയോയിലേക്ക് എത്തിയതും പിന്നീടു ഓരോ പരിപാടിക്കും ക്യാമറയുടെ അതിപ്രസരം നിറഞ്ഞു നില്ക്കുന്ന കാഴ്ച്ചയാണ് കണ്ടത്. 
മൊബൈൽ ക്യാമറ കയ്യിൽ കിട്ടിയത് മുതലാണ് ഫോട്ടോ എടുക്കുന്ന ശീലം കൂടിയത് . നല്ലൊരു ക്യാമറ വാങ്ങണം എന്നൊക്കെ ആഗ്രഹം ആദ്യമൊക്കെ ഉണ്ടായിരുന്നു, പിന്നെ മൊബൈൽ ക്യാമറ തന്നെ മതി എന്ന് കരുതി. ഫോട്ടോക നല്ല ക്ലാരിറ്റി ഉണ്ടായാൽ നല്ല ഫോട്ടോ ആയി എന്ന തോന്നലാണ് നമ്മൾക്കൊക്കെ ... എന്നാൽ സാഹസികമായും കലാപരമായും എടുക്കുന്ന ഫോട്ടോകൾ മാഗസിനുകളിലും പത്രങ്ങളിലും ഒക്കെ കാണാറുണ്ട് ... എന്നാൽ ഞാനെടുത്ത , എനിക്ക് ഇഷ്ട്ടപ്പെട്ട ചില ഫോട്ടോസ് ഞാൻ പോസ്റ്റ്‌ ചെയ്യാം , എന്റെ കയ്യിൽ ഇപ്പോയുള്ള ചില മൊബൈൽ ഫോട്ടോസ് മാത്രമാണിത്.രസകരമായ ചില ഫോട്ടോകൾ ഉണ്ടെങ്കിലും അത് ചിലർക്കെങ്കിലും അലോസരം ഉണ്ടാക്കും എന്നതിനാൽ അവ പോസ്റ്റ്‌ ചെയ്യുന്നില്ല ..
ഇത് കടലുണ്ടികടവ് നിന്നും എടുത്ത ഫോട്ടോ. അവിടെ നിന്നും കൂടുതൽ ഫോട്ടോ എടുത്തിട്ടുണ്ടെങ്കിലും ഈ ഫോട്ടോയാണ് എനിക്ക് ഏറെ ഇഷ്ട്ടമായാത് . പൂക്കൾ കണ്ടാൽ അത് പകർത്താൻ എനിക്ക് പ്രത്യേക താല്പര്യം തന്നെയാ... ഇനി അത് കാണാം .
ഇത് ഒറിജിനൽ അല്ല കേട്ടോ .. ഒറിജിനലിനെ വെല്ലുന്ന സൗകുമാര്യത തുളുമ്പുന്ന പ്ലാസ്റ്റിക്‌ പൂക്കലാണിത്...!
കനാലിന്റെയും കണ്ടൽ കാടുകളുടെയും ഊഷ്മള സൗന്ദര്യം വഴിഞ്ഞൊഴുകുന്ന പുല്ലിക്കടവിന്റെ ഒരു ചിത്രം ... ഇതിനെക്കാൾ ഉഷാറാക്കി പകർത്തിയ ഫോട്ടോകൾ വേറെയും കണ്ടിട്ടുണ്ട് എന്നത് മറക്കുന്നില്ല .
ഹജ്ജ് ഹൗസിനു മുമ്പിൽ നിന്നും ഒരു വൈകുന്നേര കാഴ്ച്ചയിലേക്ക് പോകാം ഇനി ..
ഇനി നമ്മുടെ ഓർമയിൽ നിന്നും മാഞ്ഞുപോകുന്ന തിരി നാളം ....! ഈ വെട്ടം വരും തലമുറക്ക് കാണാൻ കഴിയുമോ ...?

ഇനിയും ഒരുപാട് ഫോട്ടോകൾ ഉണ്ടെങ്കിലും അമിതമായാൽ അമൃതും വിഷം എന്നതിനാൽ ഇനി പോസ്റ്റുന്നില്ല ....കുറെ ഫോട്ടോകൾ എനിക്ക് നഷ്ട്ടപ്പെട്ടിട്ടുണ്ട് , അവയൊക്കെ ഇനി ഓർമയിൽ മാത്രം ...!


15/5/13

ഇനി ഒരു കഥ കേൾക്കാം ...!

ഈ കഥ കേക്കാൻ ഇരിക്കുന്നവർക്ക് ഒരുപാടു ജോലിത്തിരക്ക് ഉള്ളവരാണെന്ന് നന്നായറിയാം, ചിലർക്ക് ബിസിനസ്സിനിടയിലെ ചെറിയ സമയമായിരിക്കാം ഇത്. ചിലർക്കോ ഒഴിവു സമയം ഇന്റർനെറ്റ്‌ കഫേയിൽ ചാറ്റിങ്ങിനുള്ള വിലപ്പെട്ട സമയവും ,മറ്റു ചിലർക്കോ ർക്കിനിടയിൽ കിട്ടിയ അൽപ സമയം.....
            കഥകൾ പലതരത്തിലും നമ്മൾ കേട്ടിട്ടുണ്ടാകും, സങ്കടത്തിന്റെയും, സന്തോഷത്തിന്റെയും, പ്രണയത്തിന്റെയും, അടിപിടിയുടെയും, ജോലികളുടെയും അങ്ങിനെ ഒരുപാട് ......
 ജീവിതത്തിൽ കഥക കേൾക്കാത്തവർ ഉണ്ടാവില്ല, ചിലപ്പോ ചിലരുടെ ജീവിതം തന്നെ നല്ലൊരു കഥയായിരിക്കാം...! സഹനത്തിന്റെയും വേപാടിന്റെയും വിചിത്രമായ പല കഥകളുടെ കൂട്ടുകൾ തന്നെ ഉണ്ടാകും .....! 

   എന്നാൽ ഈ കഥ ഒരു രാജാവിന്റെ കഥയാണ്‌. .രാജാവ് നല്ലവനോ ചീത്തയോ എന്നത് സ്വഭാവം അനുസരിച്ചല്ലേ അറിയൂ , എന്നാൽ ആ സ്വഭാവം എന്താണെന്നു എനിക്കറിയില്ല. അപ്പൊ നല്ലവനോ ചീത്തയോ തീരുമാനിക്കേണ്ട ബുദ്ധിമുട്ട നീങ്ങി കിട്ടി. 

എന്നാൽ രാജാവിനു നായാട്ടിനു പോകുന്ന ഒരു സ്വഭാവമുണ്ട്. ചിലതൊക്കെ കിട്ടാറുമുണ്ട് , കിട്ടിയില്ലെങ്കിലും പ്രശ്നമില്ല. രാജാവ് സഹിച്ചോളും...

 

അന്നൊരു ദിവസം വൈകിട്ട് രാജാവ് നായാട്ടിനു പോകാൻ തീരുമാനിച്ചു. എന്നാൽ തലേ ദിവസം ഒന്നും കിട്ടാതെ മടങ്ങി വരുമ്പോൾ പ്രജകൾ "ഇന്നും ഒന്നു പോലും കിട്ടാതെ മടങ്ങേണ്ടി വന്നു അല്ലെ " എന്ന് ചോദിച്ചിരുന്നു . ആയതിനാൽ രാജാവ് ഇന്ന് ഒറ്റയ്ക്ക് പോകാൻ തന്നെ തീരുമാനിച്ചു . മന്ത്രിയും റാണിയും ഒക്കെ ഒറ്റയ്ക്ക് പോകേണ്ട എന്ന് പറഞ്ഞു . രാജാവ് കേട്ടില്ല . 

      തന്റെ കുതിരയേയും കൊണ്ട് രാജാവ് വനത്തിലേക്ക് കയറിപ്പോയി.... സമയം ഒരുപാടായി രാജാവിനെ കാണുന്നില്ല. കുറച്ചു കൂടി കാത്തിരിക്കാം അല്ലെ ....?

അവർ രാജാവിനെ കാത്തിരിക്കാൻ തുടങ്ങി ...

...

..

ഇനി രാജാവ് വന്നിട്ട് ബാക്കി കഥ പറയാം അല്ലെ ...?

രാജാവ് വരാതെ കഥ മുഴുവനാക്കാൻ കഴിയില്ല , പിന്നെ കുറച്ച് ജോലിയും ഉണ്ട് . അത് കൊണ്ട് മതിയാക്കുന്നു .........

 


(ദേഷ്യം പിടിക്കരുത് .. എനിക്ക് ഇങ്ങനെയൊക്കെ അറിയൂ...കഥ എഴുതാനൊന്നും അറിഞ്ഞൂടാ  )

7/1/13

ഇന്നും പണിമുടക്കം ...



 ഹൂ കിട്ടിയ KSRTC ബസില്‍ മസിലു പിടിച്ചു വലിഞ്ഞു കയറി...(മസിലൊന്നുമില്ല എന്നാലും ...)  എത്തേണ്ടിടത് എത്തനമല്ലോ .....എന്നും 12 രൂപ ആകുന്നിടത്ത് ഇന്ന് 15 ആയി (ആരുടേയും കുഴപ്പം കൊണ്ടല്ല . TT ബസ്‌ ആണു പോലും ). 15 കൊടുത്താലും പൊറുക്കാം ..ഇന്നേ വരെ Ksrtc ബസില്‍ കയറാത്ത എന്നെപ്പോലുള്ളവര്‍ ഒറ്റക്കാലില്‍ നിന്നു സുഖമായി യാത്ര ചെയ്തു(അങ്ങിനെ പറഞ്ഞത് മനസ്സിലായോ..?തിരക്ക് തന്നെ ..പിന്നെ ബ്രേക്ക് ഇട്ടാലും വീഴില്ല എന്നതും സുഖകരമായ യാത്രക്ക് ഹേതുവായി ...)
                പെട്ടെന്ന് തന്നെ ബസ്‌ നിശ്ചിത സ്ഥലത്ത് എത്തി. റോഡില്‍ എന്നതെതിലും തിരക്ക് ...!റോഡ്‌ മുറിച് കടന്നു, 5 മിനുട്ട് നടക്കാനുള്ള ദൂരം കൂടിയുണ്ട്. അതും താണ്ടി ഞാന്‍ എത്തിയപ്പോള്‍ എനിക്ക് മനസ്സിലായി " ഇന്ബ്ലെ പാര്‍ട്ടിക്കാര്‍ ആരും അബ്ടെ ഇല്ല്യന്ന്‍ "